നമ്മുടെ മന്ത്രിമാര്‍.

കേന്ദ്ര മന്ത്രിസഭ രൂ‍പീകൃതമായിരിക്കുന്നു. വിജയിച്ച പാര്‍ട്ടികള്‍ക്കിടയില്‍ - ക്ഷമിക്കണം - വിജയികള്‍ക്കൊപ്പം നില്‍ക്കാമെന്നേറ്റ പാര്‍ട്ടികള്‍ക്കിടയില്‍ - മന്ത്രിസഭാസീറ്റുകള്‍ വിഭജിച്ചിരിക്കുന്നു. “കേരളത്തിനു“ കൂടുതല്‍ മന്ത്രിമാരെ കിട്ടിയെന്ന ആഘോഷങ്ങള്‍ അടങ്ങിയിട്ടില്ല. റെയില്‍ സഹ മന്ത്രി ഒരു കേരളീയനായതിനാല്‍ കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ ന്യായമായി പരിഗണിക്കപ്പെടുമെന്ന് നമ്മള്‍ സ്വപ്നം കാണുന്നു. റെയില്‍ മന്ത്രി അങ്ങ് ബംഗാളിലാണ്. അവര്‍ കല്‍ക്കത്തയില്‍ ചെന്നാണ് ചുമതലയേറ്റതത്രേ. ഒരോ സംസ്ഥാനങ്ങളില്‍ നിന്നും ജയിച്ച് കയറിയ മന്ത്രിമാര്‍ “ആ സംസ്ഥാനത്തിന്റെ“ മന്ത്രിമാരായി പരിഗണിക്കപ്പെടുന്നു. പാവം ഉത്തര്‍ പ്രദേശിനെ തഴഞ്ഞെന്നും കേള്‍ക്കുന്നു.

ഭാരതത്തിന്റെ മന്ത്രിസഭ - അതിന്റെ കൂട്ടുത്തരവാദിത്തത്തില്‍ നടക്കുന്ന ഭരണം. ഇവിടെ എങ്ങനെ സംസ്ഥാനത്തിനു മാത്രമായി മന്ത്രിമാര്‍ ഉണ്ടാവുന്നു? സംസ്ഥാനത്തിന്റെ വികസനം അവിടെ നിന്നുള്ള മന്ത്രിമാര്‍ ഉണ്ടെങ്കില്‍ മാത്രം നടക്കുന്ന ഒന്നായി എങ്ങനെ നമ്മുടെ ഫെഡറല്‍ സംവിധാനം അധ:പതിച്ചു?

ലോക സഭയും രാജ്യസഭയും ഒരു സംസ്ഥാനത്തിന്റെയോ, പ്രദേശത്തിന്റെയോ അല്ല. കേന്ദ്രമന്ത്രിസഭ മുഴുവന്‍ രാജ്യത്തിന്റെയുമാണ്. എന്നാല്‍ പ്രാദേശികമായി വിഭജിക്കപ്പെട്ട നിയോജക മണ്ഢലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ക്ക് അവരുടെ വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കാതെ വയ്യല്ലോ. ഇതൊഴിവാക്കുന്നതെങ്ങനെ?

വളരെ പഴയ സെന്‍സസിന്റെ അടിസ്ഥാനത്തിലാണത്രേ ഒരോ സംസ്ഥാനത്തും എത്ര സീറ്റ് വേണം എന്ന് തീരുമാനിച്ചിരിക്കുന്നത്. ഇത് സമകാലിക കണക്കുകളുടെ അടിസ്ഥാനത്തില്‍ പുനര്‍നിശ്ചയിച്ചാല്‍ കേരളത്തിനിന്നുള്ള സീറ്റുകള്‍ പോലും കാണില്ല എന്ന് പറയുന്നു. അങ്ങനെ പ്രാദേശിക വാദം ബലപ്പെടുന്നത് എണ്ണത്തിലും വലുപ്പത്തിലും പിറകിലായ ചെറിയ ഭാഷാ വിഭാഗങ്ങളുടെ അവകാശാധികാരങ്ങള്‍ തീരെ അവഗണിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുകയില്ലേ? എന്താണതിനു പോംവഴി?

ഇന്നുള്ള പ്രാദേശിക നിയോജക മണ്ഢലങ്ങളും അവിടുള്ള തിരഞ്ഞെടുപ്പും പുനപരിശോധിക്കേണ്ട സമയമായിരിക്കുന്നു. ഭാഷയുടെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തിലല്ലാത്ത വിഭജന രീതി ആലോചിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ പ്രൊപ്പോഷണല്‍ റെപ്രസന്റെഷന്‍ പോലെ ഒരു സംവിധാനമായിരിക്കും ഇതിനു നല്ലത്. വോട്ടര്‍ ഒരു വോട്ടിനു പകരം ഒന്നിലധികം പ്രിഫറന്‍സ് രേഖപ്പെടുത്തുന്ന രീതി. എല്ലാ വോട്ടര്‍മാരുടെയും അഭിപ്രായങ്ങള്‍ക്ക് മൂല്യം ലഭിക്കുന്ന സംവിധാനം.

പ്രാദേശിക ചിന്തകള്‍ക്കപ്പുറത്ത് നേതാക്കന്മാര്‍ വ്യക്തമായ ഒരു ദേശീയ ബോധം വച്ച് പുലര്‍ത്തിയേ മതിയാവൂ. കേരളത്തിലെയും അല്ലാതെയുമുള്ള മന്ത്രിമാര്‍ - അവര്‍ ഭാരത സര്‍ക്കാരിന്റെ മന്ത്രിമാരായിരിക്കട്ടെ എന്നും അവര്‍ കേരളത്തിനും ബംഗാളിനും തമിഴ്നാടിനും പഞ്ചാബിനുമല്ലാതെ, ഭാരതത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും സ്വപ്നംകാണാം നമ്മുക്കൊരോരുത്തര്‍ക്കും.

Comments

Popular posts from this blog

ക്വട്ടേഷന്‍സ്

കവിതാപാരായണം

എതിര് - എം കുഞ്ഞാമൻ