Aug 27, 2009

ക്വട്ടേഷന്‍സ്

ക്വൊട്ടേഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഇതുവരെ “ഏതെങ്കിലും വസ്തുവിന്റെ അഥവാ സേവനത്തിന്റെ നിലവിലുള്ള വില സൂചിപ്പിക്കുന്ന ഒരു പ്രസ്താവന” എന്നാണര്‍ത്ഥം. ഈ ഇംഗ്ലീഷ് പദത്തിന്റെ തദ്ഭവമായി മലയാളത്തില്‍ പ്രചരിക്കുന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ശബ്ദതാരാവലിയുടെ അടുത്ത പതിപ്പിലെങ്കിലും ഈ വാക്ക് ഉള്‍പ്പെടേണ്ടതാണെന്ന് തോന്നുന്നു. “പണത്തിനായി മറ്റൊരുവനെ ഹനിക്കുന്ന കച്ചവടം” എന്നോ മറ്റോ നിര്‍വചിക്കപ്പെട്ടേക്കാം ഈ വാക്ക്. കൂലിത്തല്ല് എന്ന നാടന്‍ പ്രയോഗത്തിനൊരു ഗമ പോര. തോട്ടി “സാനിട്ടറി വര്‍ക്കറും“, വഴിവാണിഭക്കാരന്‍ “ഡിറക്ട് മാര്‍ക്കറ്റിങ്ങ് ഏജന്റുമൊക്കെയായി“ മാന്യത നേടുന്നതു പോലെ, കൂലിത്തല്ല് ക്വട്ടേഷന്‍ എന്ന പേരില്‍ മാന്യത നേടുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ തെറിക്കും മാന്യതയുണ്ട്.

സമകാലീന കേരളത്തിന്റെ ഏറ്റവും വലിയ ഭയമായി മാറിയിരിക്കുന്നു ക്വട്ടേഷന്‍. എപ്പോള്‍ ആര് ആര്‍ക്കെതിരെ ഒരെണ്ണം നല്‍കും എന്ന് യാതൊരു ധാരണയുമില്ല. സ്ത്രീകളെ വഴിയിലിരുന്ന് അസഭ്യം (മാന്യമായ ഇംഗ്ലീഷില്‍ “കമന്റ്”) പറയുന്നതിനെ ചോദ്യം ചെയ്താല്‍, ലക്കും ലഗാനുമില്ലാതെ വാഹനമോടിക്കുന്നത് തടഞ്ഞാല്‍, അങ്ങനെ സര്‍വ സാധാരണമായി ഒരുവന്‍ ചെയ്തു പോകുന്ന ചെറിയ ചെറിയ പ്രതികരണങ്ങള്‍ക്കൊക്കെ വളരെ സൂക്ഷിക്കേണ്ട അവസ്ഥയാണ്. ചോദ്യം ചെയ്യുന്നതോ, തടയുന്നതോ ഒരു ക്വട്ടേഷന്‍ സംഘാംഗത്തെയാണെങ്കിലോ? എന്തിനാ വെറുതെ ഒരു പുലിവാല്?

സ്വതവേ തന്നെ പ്രതികരണ ശേഷികുറഞ്ഞ് വരുന്ന മലയാളിക്ക് ക്വട്ടേഷന്‍ സംഘത്തിലംഗമല്ലെങ്കില്‍ പ്രതികരിക്കാനേ പറ്റില്ല എന്ന അവസ്ഥയെ അതിജീവിക്കാന്‍ കഴിയില്ല. ഒരു സമൂഹമെന്ന നിലക്ക് നമ്മുടെ നിലനില്‍പ്പിനെ തന്നെ ഈ ഭീതി ബാധിക്കുന്നു. ആരും തുറന്ന് പറഞ്ഞില്ലെങ്കില്‍ കൂടി ഒരോ മലയാളിയുടെയും സ്വകാര്യഭീതിയായി ഈ ക്വട്ടേഷന്‍ വളര്‍ന്നിട്ടില്ലേ? എങ്ങിനെ ഈ നാട്ടില്‍ ജീവിക്കും എന്ന് ചിന്തിക്കുന്ന ഒരോ മലയാളിയും ചിന്തിച്ച് തുടങ്ങിയിട്ടില്ലേ?

താമസം വിനാ മുംബൈ പോലെയുള്ള വരേണ്യ നഗരത്തിലെ പോലെ ഗുണ്ടാപ്പിരിവും മറ്റും ഇവിടെ സര്‍വസാധാരണമാവില്ലെന്ന് ആര് കണ്ടു? ( ഇപ്പോള്‍ തന്നെ പല രൂപത്തിലതിവിടെ നിലവിലില്ലേ?)

രാഷ്ട്രീയ-സാമ്പത്തിക ശക്തികള്‍ മാത്രമല്ല ക്വട്ടേഷനുകളെ ആശ്രയിക്കുന്നതത്രെ. കടം നല്‍കിയ പണം തിരിച്ച് കിട്ടാന്‍, വാടകക്ക് നല്‍കിയ കെട്ടിടം തിരിച്ച് കിട്ടാന്‍ അങ്ങിനെ അങ്ങിനെ ന്യായമായ കാര്യങ്ങള്‍ക്ക് പോലും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പണം നല്‍കാന്‍ സാധാരണ പൌരന്മാര്‍ വരെ തയ്യാറാകുന്നത്രെ. കോടതിയില്‍ ചെന്ന് കാത്ത് കെട്ടികിടക്കാനും, പോലീസ് സ്റ്റേഷന്‍ നിരങ്ങാനും ഒക്കെ ആര്‍ക്കാ നേരം?

എത്ര ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച ചെയ്താലും ഇതിനൊരു പരിഹാരമില്ല. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്ന രാഷ്ട്രീയ- സാമ്പത്തിക-സാംസ്കാരിക ശക്തികളെയാണ് അമര്‍ച ചെയ്യേണ്ടത്. ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കാതെ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നേടാന്‍ പൌരന്മാര്‍ക്ക് കരുത്തുതകുന്ന സംവിധാനങ്ങള്‍ ആവശ്യമാണ്. നീതി ന്യായ സംവിധാനവും ക്രമസമാധാന സംവിധാനവും സ്വതന്ത്രമായിരിക്കണം. പോര. അത് കാര്യക്ഷമമായിരിക്കണം.

ഇതൊക്കെ ആഗ്രഹിക്കാന്‍ എത്ര എളുപ്പം!!!!

വാല്‍ കഷണം:
പോള്‍ വധം തന്നെയാണീ കുറുപ്പിന്റെയും പശ്ചാത്തലം. പോള്‍ വധിക്കപ്പെട്ട പോലെ ആരും വധിക്കപ്പെടാം എന്ന ഭയമാണ് ഇതിനെ സാര്‍വലൌകികമായി എഴുതിനിറുത്താന്‍ പ്രേരണ. മാത്രമല്ല, നട്ടാല്‍ കുരുക്കാത്ത കഥ മെനയുന്ന പോലീസ് ഭംഗിയായി ഇതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും, മാധ്യമങ്ങള്‍ അന്വേഷണം ഏറ്റെടുക്കേണ്ടെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. ആ സ്ഥിതിക്ക് എങ്ങിനെ ബ്ലോഗന്മാര്‍ ധൈര്യമായി ആ പ്രശ്നം എഴുതും. അങ്ങോര്‍ പറഞ്ഞത് കേട്ടിലെങ്കില്‍ ഇനി നമ്മെ തേടി വന്നാലോ ക്വൊട്ടേഷന്‍.. വരില്ലായിരിക്കുമല്ലേ... വെരുമോ? ഏയ്...

1 comment:

  1. നമ്മുക്ക് ഈ നാടിന്റെ കാര്യങ്ങള്‍ മൊത്തമായീ ക്വേട്ടെഷന്‍ കൊടുക്കാം . ഒരു കണക്കുമില്ലാതെ രാഷ്ട്രീയക്കാര്‍ക്കും പോലീസുകാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കൊടുത്തു കൊടുത്തു മുടിഞ നമ്മുടെ നാടിനെയും നാട്ടാരെയും കരകയറ്റാം ഒന്നുമില്ലങ്ങിലും കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥയും വെള്ളിയാഴ്ച്ചയും വരുമല്ലോ

    ReplyDelete