ഒന്നാം സാക്ഷി: സ്നേഹം






ഓഫീസിന്റെ വാതിൽ പാതി തുറന്ന് ആയാൾ സംശയിച്ച് നിൽക്കയാണ്.

" വരൂ. ഇരിക്കൂ"

മുഖ പരിചയമില്ല. പുതിയ കക്ഷിയാവണം. മുഖത്ത് മൂന്നാലു ദിവസത്തെ ക്ഷൗരത്തിന്റെ അഭാവം വ്യക്തം. തേക്കാത്ത ഉടുപ്പ്. മെലിഞ്ഞതെങ്കിലും ബലം സ്ഫുരിക്കുന്ന കൈകൾ. കസേരയുടെ അറ്റത്ത് മാത്രം സ്പർശിച്ച് അയാൾ ഇരുന്നു. ആകെ അങ്കലാപ്പുള്ള കണ്ണുകൾ.

" പറയൂ " ഒരു തുടക്കമാകട്ടെ എന്നു കരുതി എന്റെ പ്രേരണ.

" ഒരു ഡൈവേഴ്സ് വേണാർന്ന് "    തനി കൊച്ചികടാപ്പുറം രീതിയും ഈണവും. "എന്ത് ചെലവ് വരും''
ഏതാണ്ട് അര മണിക്കൂർ നീണ്ട സംഭാഷണത്തിന്റെ ആരംഭം ഇങ്ങനെയാണ് . എന്റെ മുന്നിലെത്തിയ നെൽസന്റെ കഥ ചുരുക്കിയാൽ ഇത്രയേ ഉള്ളു.

നെൽസൻ ഷീബയെ "കെട്ടി കൊണ്ടന്നിട്ട്" വർഷം ആറ്. രണ്ട് കുട്ടികൾ. ഇളയ കുട്ടിക്ക് മൂന്ന് വയസ്സോ മറ്റോ ആണ്. നെൽസനുറപ്പില്ല. "മൂത്താള് പഠിക്കണൊണ്ട്".   ബോട്ടിലെ പണിയാണ് നെൽസന്. ഷീബക്ക് പണിയൊന്നുമില്ല.

കഴിഞ്ഞ ദിവസം നെൽസൺ പണികഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അത്താഴം ഉണ്ടാക്കിയിട്ടില്ല. "നീയെന്താണ് ഒന്നുമുണ്ടാക്കാഞ്ഞെ" എന്ന് ചോദിച്ച് തുടങ്ങിയ താത്വികാവലോകനം നെൽസൺ ഷീബയെ അടിക്കുന്നതിൽ കലാശിച്ചു. തർക്കുത്തരം പറഞ്ഞിട്ടാണ് അടിച്ചത് എന്ന് നെൽസൺ. എന്തുത്തരമാണ് തർക്കുത്തരമെന്നൊന്നും ഞാൻ ചോദിച്ചില്ല. ചോദിച്ചിട്ട് കാര്യമില്ല. നമുക്ക് തർക്കുത്തരം എന്ന് തോന്നണമെന്നില്ല. നെൽസണ് തോന്നി. അടി വീണും കഴിഞ്ഞു. 

അടുത്ത ദിവസം ഷീബ "പിള്ളാരേം കൊണ്ട് അവക്കടെ വീട്ടി പോയ്". "ങാ പോയേച്ചു വരട്ടെന്ന്" നെൽസണും കരുതി. 

രണ്ട് ദിവസം കഴിഞ്ഞപ്പൊൾ ചാലക്കുടി പോലീസ് സ്റ്റേഷനിൽ നിന്ന് നെൽസണ് ഒരു ഫോൺ. ഷീബയുടെ വീട് ചാലക്കുടിയിലാണ്. നെൽസനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. ഷീബയുടെ പരാതിയാണ് കാരണം. ഗാർഹിക പീഡനമാണ് പരാതി. എസ് ഐ ഏമാൻ ക്ഷോഭിച്ചു. "ഇടിച്ച് നിൻ്റെ " എന്ന് കൈയ്യോങ്ങി (അടിച്ചില്ല). ഭീഷണി. ശകാരം. എല്ലാം നെൽസൺ കേട്ട് കൊണ്ട് നിന്നു. പോലീസല്ലെ. "നുമ്മ എന്ത് ചെയ്യാനാണ്". കേസ് എങ്ങുമെത്താതെ വീണ്ടും ഒരാഴ്ച കഴിഞ്ഞ് വരാനോ മറ്റോ പോലീസ് പറഞ്ഞു. അവിടെ നിന്ന് നേരിട്ട് എൻ്റെ ഓഫീസിൽ എത്തിയിരിക്കുകയാണ് നെൽസൺ. "ഡൈവേഴ്സിന് എന്ത് ചെലവു വരും". 

കുടുംബമല്ലേ. രണ്ട് പിള്ളേരില്ലേ. ഒന്ന് സംസാരിച്ച് കാര്യങ്ങൾ ശരിയാക്കിക്കൂടെ. അതല്ലേ നല്ലത്. വക്കീൽ കേസ് നടത്തിയാൽ മതി എങ്കിലും ഞാൻ നെൽസനോട് സമാധാന ദൂത് തുടങ്ങി. 

അതൊന്നും ശരിയാകുകേല. നെൽസൻ്റെ ശബ്ദത്തിൽ നിരാശയുണ്ട്. 

നിങ്ങൾ പള്ളി വഴി ഒന്ന് ശ്രമിച്ച് നോക്കു. നിങ്ങളുടെ ഇടവകയിലെ അച്ചനോട് ഒന്ന് സംസാരിക്കു. അദ്ദേഹം രണ്ട് കൂട്ടരെയും വിളിക്കും. ഞാൻ മാർഗ്ഗങ്ങൾ ആലോചിച്ചു. പോലീസുകാരെക്കാൾ ഭേദമാണ് മിക്കവാറും പാതിരിമാർ എന്നതിനാലും, അവർക്ക് കുഞ്ഞാടുകളിൽ അല്പം കൂടി സ്വാധീനമുണ്ടാവും എന്നതിനാലും സാധാരണ ഏൽക്കുന്ന ഒരു പ്രയോഗമാണ് അത്. 

പക്ഷേ നെൽസന് പ്രതീക്ഷയില്ല. "അവൾടെ തന്ത കമ്യൂണിസ്റ്റാണ് സാറെ. അവരു പള്ളീലൊന്നും പോകുകേല".  

എന്നാൽ അടുത്ത ആഴ്ച പോലീസ് സ്റ്റേഷനിൽ ഞാനും കൂടി വരാം. നമുക്ക് ഒന്ന് ശ്രമിക്കാം എന്നായി ഞാൻ. പോലീസും ഇത്തരം കേസുകളിൽ പരമാവധി ഒത്ത് തീർപ്പാണ് ശ്രമിക്കുക എന്നത് എനിക്കനുഭവമാണ്. അവർക്കിതിൽ ഇടപെടേണ്ട ഒരു കാര്യവുമില്ല. എന്നാലും ഒരു പരിശ്രമം അവരും നടത്തും. കള്ളന്മാരെയും കൊള്ളക്കാരെയും കണ്ട് പരിചയിച്ച അവർക്ക് പലർക്കും സംസാരത്തിൽ മനുഷ്യത്വം കുറയുമെങ്കിലും, ഉള്ളിലിരിപ്പ് നന്നാവാനെ വഴിയൊള്ളു. 

എന്തായാലും നെൽസൺ അടുത്ത ആഴ്ച വരാമെന്ന് പറഞ്ഞ് മടങ്ങി. 

രണ്ട് ദിവസം കഴിഞ്ഞ് കോടതിയിൽ നിന്ന് മടങ്ങി വരുമ്പോൾ നെൽസൺ ഓഫീസിൽ ഉണ്ട്. ഒപ്പം ഒരു സ്ത്രീയും. അവരെ പുറത്തിരുത്തി നെൽസൺ എൻ്റെയടുത്ത് വന്നു. 

സാറെ. അവള് ദേ ഇന്ന് രാവിലെ തിരിച്ച് വന്നേക്കണ്. സാറെന്തെങ്കിലും പറഞ്ഞ് അവളെ പറഞ്ഞു വിടണം. 

ശെടാ.. .ഇത് നല്ല കൂത്ത്. പിണങ്ങിപ്പോയ ഭാര്യ തിരിച്ച് വന്നാൽ അത് നല്ലതല്ലേ നെൽസാ. മാത്രമല്ല, ഭാര്യയെ പറഞ്ഞ് വിടാൻ വക്കാലത്തെടുക്കാൻ ഒരു മാർഗ്ഗവുമില്ല. ഞാൻ പറഞ്ഞു നോക്കി. 

അല്ല സാറെ. ഇനി അവളെങ്ങാൻ ഞാൻ പണിക്ക് പോകുന്ന നേരം നോക്കി എൻ്റെ വീട്ടി കെട്ടിതൂങ്ങിയാൽ ഞാൻ കുടുങ്ങിയാ. എനിക്കെൻ്റെ കാര്യം നോക്കണ്ടേ? നെൽസനെ വേറേ ആരോ ഭംഗിയായി ഉപദേശിക്കുന്നുണ്ട്. അതാണിത്തരം കാര്യങ്ങളിലെ ഏറ്റവും വലിയ ശല്യം. ചില സർവവിജ്ഞാനകോശങ്ങളുണ്ട് നാട്ടിൽ. ഒരു കാര്യവുമില്ലെങ്കിലും ഇത്തരം ഉപദേശങ്ങൾ കൊടുത്ത് ആളെ മക്കാറാക്കും. 

പോട്ടെ. എന്താ പ്രശ്നമെന്ന് ഞാൻ ഒന്ന് സംസാരിക്കട്ടെ എന്നായി ഞാൻ. ഷീബയോട് കാര്യങ്ങൾ ചോദിച്ചു. സംഗതി ശരിയാണ്. അന്ന് അത്താഴം വെച്ചില്ല. 

എന്താണ് അത്താഴം വെക്കാഞ്ഞത്. 

അരിയില്ലായിരുന്നു.

അരിയില്ലാതെ അത്താഴം വെക്കുന്നതെങ്ങനെയാണ് നെൽസാ?

ഗോതമ്പുണ്ട് സാറെ. ചപ്പാത്തി വെക്കാമല്ല. 

ചപ്പാത്തി പരത്താൻ കല്ലില്ല. ചപ്പാത്തി കല്ല് അടുത്ത വീട്ടിൽ ചെന്ന് വാങ്ങണം. അതിനു ഷീബ തയാറല്ല. അപ്പുറത്തെ ചേട്ടൻ്റെ നോട്ടം ഷീബക്ക് ഇഷ്ടമല്ല. ആ ചേട്ടൻ നെൽസൻ്റെ ബാല്യകാല സുഹൃത്താണ് - പോര, ഉടപ്പിറപ്പ് തന്നെയാണ്. അയാളെ കുറ്റം പറഞ്ഞാൽ നെൽസനു പിടിക്കില്ല. അയാളെ കുറ്റം പറഞ്ഞതാണ് നെൽസൻ മുൻപ് പറഞ്ഞ "തർക്കുത്തരം". 

ആ തർക്കുത്തരമാണ് അടിയിൽ കലാശിച്ചത്. എന്നിട്ട്? എന്നിട്ടെന്താ. ഷീബ പോയി ചപ്പാത്തി കല്ല് വാങ്ങി ചപ്പാത്തി പരത്തി എല്ലാരും അത്താഴമുണ്ടു. 

"രാത്രി കിടന്ന് ഞാൻ ഒരുപാട് ആലോചിച്ചു. ആലോചിക്കുന്തോറും എനിക്ക് സങ്കടം കൂടി കൂടി വന്ന്. രാവിലെ ഞാൻ എണീറ്റ് എൻ്റെ വീട്ടി പോയി". 

ഷീബയെ ഒരു തരത്തിലും കുറ്റം പറയാനില്ല. പക്ഷേ പിന്നെയാണ് കഥയുടെ പരിണാമ ഗുപ്തി. ഷീബയുടെ അപ്പൻ കഥകേട്ട് കോപിച്ചു. ഉടനെ പരാതി എഴുതി സ്ഥലം പോലീസ് സ്റ്റേഷനിൽ കൊടുത്തു. പോലീസ് രണ്ട് പേരെയും വിളിച്ചു. 

"പോലീസ് ചേട്ടനെ കുറേ വഴക്ക് പറഞ്ഞ്" ... ആദ്യം ആ വഴക്ക് പറച്ചിൽ ഷീബക്ക് ഇഷ്ടമായി. പക്ഷേ കുറച്ച് കഴിഞ്ഞപ്പൊ ഷീബക്കും വിഷമമായി. "ചേട്ടൻ പോലീസ് സ്റ്റേഷനിൽ നിന്ന് കരഞ്ഞു". നെൽസൻ പറയാഞ്ഞതോ, ഒരു പക്ഷേ അറിയാഞ്ഞതോ ആയ കാര്യമാണ്. അയാളുടെ കണ്ണു നിറഞ്ഞു. അയാൾ അറിഞ്ഞില്ലെങ്കിലും ഷീബ അറിഞ്ഞു. പക്ഷേ അപ്പന്റെ കൂടെ മടങ്ങാതെ മാർഗ്ഗമില്ലായിരുന്നു. 

തിരിച്ച് വീടെത്തിയ ഉടൻ അപ്പൻ വനിതാ കമ്മീഷനിലേക്ക് ഒരു പരാതി കൂടി എഴുതി ഒപ്പിടാൻ ഷീബയെ നിർബന്ധിച്ചു. പറ്റില്ലെന്ന് ഷീബ. ഇനി ചേട്ടനെ വിഷമിപ്പിക്കാൻ പറ്റില്ലെന്ന് ഷീബ വീട്ടിൽ യുദ്ധം പ്രഖ്യാപിച്ചു. ഒന്നും രണ്ടും പറഞ്ഞ് ഷീബയുടെ അച്ഛൻ അവളെ അടിച്ചു. എന്നിട്ടും അവൾ പരാതി ഒപ്പിട്ടില്ല. 

"രാത്രി കിടന്ന് ഞാൻ ഒരുപാട് ആലോചിച്ചു. ആലോചിക്കുന്തോറും എനിക്ക് സങ്കടം കൂടി കൂടി വന്ന്. രാവിലെ ഞാൻ എണീറ്റ് എൻ്റെ വീട്ടി പോയി". 

ഈ വീട്ടിൽ പോയി എന്നത് നെൽസനും ഷീബയും താമസിക്കുന്ന വീടാണ്. അങ്ങനെ മടങ്ങി എത്തിയതാണ് ഷീബ. 

കാര്യങ്ങൾ പരസ്പരം മനസ്സിലാക്കി കഴിഞ്ഞപ്പോൾ ഷീബയും നെൽസനും തമ്മിൽ പ്രശനമൊന്നും ഇല്ല എന്ന അവസ്ഥയായി. അല്പം ഉപദേശം കൂടി നൽകിയപ്പോൾ ഇനി മേലിൽ ഷീബയെ അടിക്കില്ല എന്ന് നെൽസൻ ഉറപ്പ് നൽകി. അവൾക്കിഷ്ടമില്ലാത്തത് ആരെയാണെങ്കിലും അത് ബഹുമാനിക്കേണ്ട ആവശ്യവും നെൽസനു ബോധ്യമായി.  ഡൈവേഴ്സിനു പകരം ചപ്പാത്തിക്കല്ല് വാങ്ങാൻ തീരുമാനമായി. 


പിന്നെഴുത്ത്: ചിലപ്പോൾ സ്ത്രീപക്ഷ വാദികൾക്ക് ഷീബയെ ഒട്ടും ഇഷ്ടപ്പെടില്ല. അവിടെയും ഇവിടെയും ചെന്ന് തല്ല് കൊണ്ട് മടങ്ങുന്നതല്ലല്ലോ സ്ത്രീത്വം. പക്ഷേ ഷീബ ശക്തയായ ഒരു സ്ത്രീയായാണ് എനിക്ക് തോന്നുന്നത്. ഒരടിക്കപ്പുറത്തേക്കും അവൾ സ്നേഹം മാത്രം പരത്തുന്നു. അവൾ ഒരാളുടെ ബലത്തിൽ ആ കുടുംബം തുടർന്നും സ്നേഹമായി ജീവിതം തുടരുന്നു. ആ രണ്ട് കുഞ്ഞുങ്ങൾ സസന്തോഷം അച്ഛനമ്മമാർക്കൊപ്പം ജീവിക്കുന്നു. പരസ്പരം ആക്രമിക്കുന്നതിലും ബലം സ്നേഹിക്കുവാൻ വേണം എന്നാണെൻ്റെ പക്ഷം. ഒട്ടും മോഡേണാകില്ല. പക്ഷേ ഈ സംഭവ കഥ എന്നെ പഠിപ്പിച്ചത് അതാണ്. 




Comments

  1. ഫോണിലൂടെ കമന്റിടാൻ ഒരുപാട് ശ്രമിച്ചു. കമ്പ്യൂട്ടറിൽ വാട്ട്സാപ്പ് തുറന്ന് വളരെ ശ്രമകരമായാണ് ഈ കമന്റിടുന്നതെങ്കിലും ഉദ്ദേശിച്ച ലിങ്കിൽ നിന്നും അയക്കാൻ കഴിയുന്നില്ല. നെൽസണും ഷീബയും ഒരുമിച്ചല്ലോ,അത്രയും മതി.

    ReplyDelete

Post a Comment

Popular posts from this blog

ക്വട്ടേഷന്‍സ്

കവിതാപാരായണം

എതിര് - എം കുഞ്ഞാമൻ