കവിതാപാരായണം


എട്ടാം ക്ലാസിൽ പഠിക്കുമ്പോളാണ്. സ്കൂളിൽ കുട്ടികളെ നാല് ഹൗസുകളാക്കി തിരിക്കും. പച്ച, മഞ്ഞ, ചുവപ്പ്, നീല എന്നിങ്ങനെ നാലു ഹൗസുകൾ. കലാകായിക മത്സരങ്ങൾ ഹൗസ് അടിസ്ഥാനത്തിൽ നടത്തും. 

ഒരു മത്സരത്തിലും ഞാനില്ല. ഒന്നിലും ചേരാനുള്ള ആളില്ല ഞാനെന്ന വിശ്വാസം അന്നുണ്ട്. 

പക്ഷേ ഞങ്ങളുടെ ഹൗസിന്റെ ( നീല ഹൗസാണെന്നാണ് ഓർമ) ഉത്തരവാദിത്തമുള്ള കല്ലറക്കൽ സാറിന് നിർബന്ധം. എല്ലാവരും എന്തെങ്കിലും മത്സരത്തിൽ പങ്കെടുത്തേ പറ്റൂ.
 
"നീ പാടുമോ?" 

"അയ്യോ ഇല്ല സാർ."

"പ്രസംഗം?"

"ഞാനോ ! "

അങ്ങനെ ഒന്നിനും കൊള്ളാത്ത മൂന്നാല് പേർ ബാക്കിയായി. അപ്പോൾ കല്ലറക്കൽ സാറിൻ്റെ തിട്ടൂരം.

 "നീ കവിതാപാരായണത്തിന് ചേർന്നാൽ മതി. മലയാള പാഠപുസ്തകത്തിൽ പരീക്ഷക്ക് കാണാപാഠമാക്കേണ്ട ഏതേലും കവിത പഠിച്ചാൽ മതി. അങ്ങനേലും നീയത് പഠിക്കുമല്ലോ "

അവിടുണ്ടായിരുന്ന കുട്ടികൾ പൊട്ടി ചിരിച്ചു. സാറിന്റെ തമാശയല്ലേ. പണി എനിക്കില്ലായിരുന്നേൽ ഞാനും ചിരിച്ചേനെ. 

മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരത്തേക്കാൾ സാറിന്റെ വാക്കിലെ അവഹേളനമാണ് എന്റെ മനസ്സിൽ നിന്നത്. 

ആരെയും കാണിക്കില്ലെങ്കിലും റഫ് ബുക്കിന്റെ ഒടുവിലെ പേജിൽ പ്രാസമൊപ്പിച്ച വരികളൊക്കെ എഴുതും ഞാൻ. ആർക്കും അറിയില്ല. പക്ഷേ ഞാനും കവിയാണ്. ആ എന്നോടാണ് പാഠപുസ്തകത്തിലെ കവിത പഠിക്കാൻ! "പിന്നേ! പഠിച്ചത് തന്നെ! മത്സരത്തിന് എന്റെ ശ്വാനൻ വരും. ഞാനന്ന് ആബ്സന്റാ ! എനിക്ക് പനിയാ അന്ന്! നോക്കിക്കോ!" മനസ്സിൽ പ്രതിഷേധം തിളക്കുകയാണ്. 

അപ്പൊഴേക്കും എന്റെ ഉള്ളറിഞ്ഞ പോലെ സാറിന്റെ ഭീഷണി.

 "അന്ന് വരാതെങ്ങാനുമിരുന്നാൽ - കാണിച്ചു തരാം ഞാൻ "

ശ്ശെടാ ! വലിയ തൊന്തരവായല്ലോ. 

ഒടുവിൽ നിവൃത്തിയില്ലാതെ മലയാള പാഠാവലി തുറന്നു. കവിത കാണാപാഠമാകുന്നില്ല.  രണ്ട് വരികാണാപാഠമാക്കുക. പിന്നെ അടുത്ത രണ്ട് വരി. പിന്നെ ആദ്യത്തെ കൂടി കൂട്ടി നാലു വരി. അപ്പളേക്കും "അങ്ങനേലും നീയത് പഠിക്കുമല്ലോ " എന്ന കളിയാക്കലും, കൂട്ടുകാരുടെ ചിരിയും മനസ്സിൽ വരും. ആദ്യ വരി മറക്കും.

അങ്ങനെ ഞാൻ നന്നായിട്ട് സാറ് നെഗളിക്കണ്ട. മനസ്സില്ല പാഠപുസ്തകത്തിലെ കവിത പഠിക്കാൻ. 

അച്ഛനുമമ്മയും പഠിച്ചിരുന്ന ചില പഴയപാഠപുസ്തകങ്ങൾ - കവിതയും കഥയും ഒക്കെ - അലമാരിയിൽ ഉണ്ട്. ചെകഞ്ഞ് പിടിച്ച് അതീന്നാക്കാം പരായണം. ഹല്ല പിന്നെ. സ്വന്തം കവിതവരെ എഴുതുന്ന എന്നോടാ കളി.

ഉള്ളതിൽ ചെറിയ പുസ്തകം ആണ് അന്വേഷിച്ചത്. കിട്ടിയത് കർണഭൂഷണം. 

"ആ രാത്രി ചേരാറായ് വാസരശ്രീയോടു സൂരജ വിണ്ണാറോടെന്നപോലെ.
തൂമയിൽ തൻവസു തൂകാറായ് മേൽക്കുമേൽ ധാമനിധിയായ ദേവൻ വീണ്ടും"

ശ്രീ എന്റെ മാമന്റെ പേരാണ്. സൂരജയും വാസരയും ഒക്കെ ആരാണാവോ. ഇനിയങ്ങോട്ടുള്ള വരികളും ഇമ്മാതിരി തന്നെ. കീറാമുട്ടിയാണല്ലോ.... കീറി നോക്കി. എവിടെ കീറാൻ!

 ഉള്ളൂരങ്ങനെ നെഞ്ചും വിരിച്ച് നിൽക്കുകയാണ്. അതിനിടക്കെപ്പോഴോ അച്ഛൻ വന്ന് നോക്കി. "എന്ത് ചെയ്യുകയാ?"

"സ്കൂളിൽ കവിതാപാരായണ മത്സരത്തിനു പേരു കൊടുത്തിട്ടുണ്ട്. പാഠപുസ്തകത്തിലില്ലാത്ത ഒരു കവിത പഠിച്ച് ചൊല്ലണം"... (സാറിനു തോന്നിയ ബുദ്ധി അച്ഛന് തോന്നെണ്ടാന്ന് കരുതി ഒരു മുഴം മുന്നേ).

"ഉം".. ഒന്ന് മൂളി അച്ഛൻ പോയി. പിന്നെ വൈകിട്ട് വന്നപ്പോൾ രണ്ട് പുസ്തകങ്ങൾ ഉണ്ട്. 

മുളങ്കാട് - വയലാർ. 
കടമ്മനിട്ട കവിതകൾ - കടമ്മനിട്ട രാമകൃഷ്ണൻ. 

വലിയ പുസ്തകം കടമ്മനിട്ടയാണ്. അതപ്പൊഴെ വിട്ടു. മാത്രമല്ല ആ പുസ്തകത്തിലെ കവിതക്കൊന്നും ഒരു നിജമില്ല എന്ന തോന്നൽ. ഈണത്തിൽ വേണമല്ലോ കവിത ചൊല്ലാൻ.കടമ്മനിട്ടയുടെ താളമൊന്നും എനിക്ക് മനസ്സിലായില്ല അന്ന്.

വയലാറിന്റെ പുസ്തകത്തിൽ ഒരു കവിത വായിച്ചപ്പോൾ താളം പിടികിട്ടി. അത്തരം ഒരു കവിത ഞങ്ങൾ പഠിച്ചിട്ടുണ്ട്. ടടടാട്ടടാടടാ -  ടടടാട്ടടാടടാ എന്ന രീതിയിൽ ചൊല്ലാം. (മനസ്സിലാകാത്തവർക്ക് വേണ്ടി പറയാം - കേക വൃത്തം. ) 

നാഗസാക്കിയിലെ കുരിശ്
മാനവസംസ്കാരത്തിൻ - പട്ടടക്കരിമ്പുക
മാറാല കെട്ടിപ്പൊങ്ങും - മൂകഭീകര രംഗം

ഭീതിതമായ ആ രംഗം വരച്ചിടുന്ന കവിയുടെ വരികൾ ഞാൻ കൈകൊട്ടിപ്പാട്ട് പോലെ കൊണ്ട് പോയി പാടി കുളമാക്കി. 

മറ്റുള്ളവർ അതിലും കശയായതിനാലും, വിധിനിർണയത്തിനിരുന്ന അദ്ധ്യാപകൻ രസതന്ത്രം അദ്ധ്യാപകൻ ആയിരുന്നതിനാലുമാവണം, എന്നെ ഞെട്ടിച്ച് കൊണ്ട് എനിക്ക് മൂന്നാം സമ്മാനം കിട്ടി!!

പിന്നെ കവിതാപരായണം സ്ഥിരം ചെയ്തേ പറ്റു എന്നായല്ലോ. അങ്ങനെ കവിതകൾ കൂടുതൽ വായിച്ചു.കൂടുതൽ വായിക്കുന്തോറും വരികളിലെ അർത്ഥം പിടികിട്ടിത്തുടങ്ങി. പുസ്തകത്തിനു പിന്നിൽ കുറിച്ചിട്ട കവിതകൾ ഏതോ ചില കൂട്ടുകാർ കണ്ട് പിടിച്ച് പുറത്തെത്തിച്ചു. അങ്ങനെ എപ്പൊഴോ ഞാനും കവിയായി. 

കവിത സ്കൂൾ മാഗസിനിൽഅച്ചടിച്ച് വന്നു. (സരസൻ എന്ന സാറാണതിനു കാരണം. അത് വേറൊരു കഥ). പത്തിലെത്തിയപ്പോഴേക്കും, കടമ്മനിട്ടക്കവിതകൾ കാസറ്റിൽ കേട്ടു. അപ്പൊഴാണ് ആ കവിതകൾ അങ്ങനെയൊക്കെയാണ് ചൊല്ലേണ്ടതെന്ന് മനസ്സിലായത്. അക്കൊല്ലം കുറത്തിയാണ് ചൊല്ലിയത്. രസതന്ത്രം അദ്ധ്യാപകനിഷ്ടപ്പെട്ടില്ല. സമ്മാനവും തന്നില്ല.

പ്രീഡിഗ്രിക്കും കവിതാലാപനക്കാർക്കായിരുന്നു സമ്മാനം. സംഗീതത്തെ മലയാള കവിതാ പാരായണത്തിലേക്ക് അലിച്ച് ചേർത്തത് ശ്രീ വി. മധുസൂദനൻ നായരാണെന്ന് നിസംശയം പറയാം. അങ്ങനെ സംഗീതം പഠിച്ചവർക്കേ കവിതയാലപിക്കാനാവു എന്നായി. അതിലിത്തിരി അസ്വാരസ്യം എനിക്ക് തോന്നാറുണ്ട്. ചിലപ്പോൾ ചില കവിതകൾ കേൾവി സുഖത്തിനായി വലിച്ച് നീട്ടിയും അവശ്യമില്ലാത്തിടത്ത് കുറുക്കിയും ഒക്കെ അതിന്റെ ആത്മാവിനെ നശിപ്പിക്കുന്നത് സ്വീകാര്യമല്ല എന്ന തോന്നലുണ്ട്.

പതുക്കെ കവിതാപാരായണം മത്സരത്തിനു പുറത്ത് സുഹൃദ് സദസ്സിലായി. നിയമകലാലയത്തിലെ കൂട്ടുകെട്ടുകളിൽ അതിനൊരുപാടവസരങ്ങൾ ഉണ്ടായിരുന്നു.

കറുത്ത കോട്ടിട്ടപ്പോൾ അതിനുള്ള സാദ്ധ്യതകൾ കൂടി കുറഞ്ഞു. സാഹിത്യം ചർച്ച ചെയ്യുന്നവരും ആസ്വദിക്കുന്നവരും അതിനായി ഒത്തു ചേരുന്ന ഒരിടം ഇല്ല എന്നത് കോടതികളിൽ ഒരു പോരായ്മയാണ്. അതിനു ആർക്കും സമയമില്ല എന്നതും വസ്തുത തന്നെ. ആകെയുള്ളത് ഇടക്കിടക്ക് സാഹിത്യകാരന്മാരെ വിളിച്ച് വരുത്തിയുള്ള യോഗങ്ങളാണ്. പ്രസംഗമാണവിടെ മുഖ്യം. പ്രസംഗമിഷ്ടമാണെങ്കിലും, കവിതയോ കഥയോ അല്ലല്ലോ പ്രസംഗം. സാഹിത്യത്തിന് പ്രസംഗരൂപം മാത്രമല്ലല്ലോ ഉള്ളത്. 

കാസറ്റിൽ കവിത കേട്ട് തുടങ്ങിയ കാലത്ത് ആരാധിച്ച് തുടങ്ങിയതാണ്  ശ്രീ വി. മധുസൂദനൻ നായർ എന്ന സുകുമാരശബ്ദത്തെ. അദ്ദേഹത്തിന്റെ ചൊല്ലിയവതരിപ്പിച്ചതും അല്ലാത്തതുമായ എല്ലാ കവിതയും കിട്ടിയാൽ വിടാതെ വായിച്ചു. അദ്ദേഹം ചൊല്ലുന്നത് പോലെ ചൊല്ലി നോക്കും. എവിടെ, സംഗീതമില്ലാത്ത തൊണ്ടയിൽ നിന്നുള്ള നിലവിളിക്ക് ആ ആലാപനത്തിനോടെന്ത് താരതമ്യം?

കേരളാ ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ കലാ മത്സരം ഉത്ഘാടനത്തിനിക്കുറി പ്രിയകവിയെ ക്ഷണിക്കാം എന്ന തീരുമാനിച്ചു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വരാമെന്ന് പറഞ്ഞു. വന്നപ്പോൾ വിമാനത്താവളത്തിൽ നിന്ന് വിളിക്കാനും തിരിച്ച് കൊണ്ടാക്കാനും അവസരം കിട്ടി. അദ്ദേഹത്തോടൊപ്പംയാത്ര ചെയ്ത് കഴിഞ്ഞ് ഒറ്റയ്ക്കായപ്പോൾ ഞാൻ ഓർത്തു. എന്നാണ് ഏറ്റവും ഒടുവിൽ ഞാൻ ഒറ്റക്കിരുന്ന് ഒരു കവിത ചൊല്ലിയത്? എന്നാണ് ഒന്ന് രണ്ട് കൂട്ടുകാർ ചേർന്നിരുന്ന് ഒരോ കവിതകൾ പങ്കിട്ട് ആനന്ദിച്ചത്? എവിടെയാണ് ആ നല്ല ദിനങ്ങൾ പോയി മറഞ്ഞത്!

കവിത ചൊല്ലുന്നത് മത്സരത്തിനല്ല സർ.കവിത വായിക്കുന്നത് പരീക്ഷക്ക് കാണാപാഠമാക്കാനല്ല സർ. കവിത വായിക്കുന്നതും ചൊല്ലുന്നതുമെന്തിനാണെന്ന് ചോദിച്ചാൽ, ശ്വസിക്കുന്നതെന്തിനാണെന്നാണ് സർ മറുചോദ്യം. കവിതാ വായനയിലേക്കും കാവ്യാവതരണത്തിലേക്കും എന്നെ ചെവിക്ക് പിടിച്ച് പ്രചോദിപ്പിച്ച കല്ലറക്കൽ സാറിനു നന്ദി. 


Comments

  1. വളരെ നല്ല രചനാശൈലി 👌🏽
    എല്ലാ തുടക്കങ്ങളുടെയും തിളക്കമുള്ള ഓര്‍മ്മകള്‍ !!
    ആ ടട്ടട്ടാടട്ടാടട്ട കലക്കി 😊😊

    ReplyDelete
  2. അതെ, ശ്വസിക്കുന്നതിന് തുല്യമായിരുന്നു, ഒരുനാൾ കവിത.

    ReplyDelete

Post a Comment

Popular posts from this blog

ക്വട്ടേഷന്‍സ്

എതിര് - എം കുഞ്ഞാമൻ