പുസ്തക പരിചയം - ഏർളി ഇന്ത്യൻസ് - ടോണി ജോസഫ് Early Indians - Tony Joseph

 



2018ൽ പുറത്തിറങ്ങിയ “ഏർളി ഇന്ത്യൻസ്” ഒരു ചരിത്ര പുസ്തകമാണ്. എന്നാൽ ഇതിന്റെ രചയിതാവ് ശ്രീ ടോണി ജോസഫ് ഒരു ചരിത്രകാരനല്ല. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകനാണ്. എന്നാൽ അഗാധമായ ചരിത്ര കൗതുകം അദ്ദേഹത്തെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നതിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രം ഒരുപജീവന മാർഗ്ഗമല്ലാത്തപ്പൊഴും, വശ്യമായ ഭാവനാസാദ്ധ്യതകളോടെ അത് നമ്മെ വലിച്ചടുപ്പിക്കുമെന്നത് എന്റെയും അനുഭവമാണ്. നിയമമാണ് ജീവസന്ധാരണോപാധിയെങ്കിലും വായനയിൽ ചരിത്രം എന്റെയും ഇഷ്ടവിഷയമാണ്. 


നമ്മൾ ആര്? നാം എവിടെ നിന്ന് വന്നു? ലോകത്തിലെ മനുഷ്യർ തമ്മിൽ എന്തെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവോ? എങ്കിൽ എങ്ങനെ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള ജ്ഞാനയാത്രയുടെ കൂടി ചരിത്രമാണ് ഈ പുസ്തകം. 


ഒരോ ഭാരതീയനും - അല്ല ഒരോ മനുഷ്യനും -  നിർബന്ധമായി വായിച്ചിരിക്കേണ്ടതാണീ പുസ്തകം എന്ന് ഞാൻ കരുതുന്നു. നിങ്ങൾ അതിലെ ഉള്ളടക്കത്തോട് വിയോജിച്ചേക്കാം. എന്നിരിക്കിലും ഇത് എല്ലാവരും വായിക്കുക ഉചിതമാവും എന്ന് ഞാൻ കരുതുന്നു. വായിക്കാതെ തന്നെ വിയോജിക്കാൻ ഒരുമ്പെട്ടിരിക്കുന്നവരെ അവരുടെ പാട്ടിനു വിടുന്നു. ഈ കുറിപ്പ് അവർക്കുള്ളതല്ല. 


ഇന്ത്യക്കാർ എന്ന് ഇന്ന് അറിയപ്പെടുന്ന ജനസഞ്ചയം ഇന്ന് കാണുന്ന രാഷ്ട്രീയ അതിരുകളിലേക്ക് ചുരുങ്ങിയത് 1947ലാണ്. തെക്കൻ ഏഷ്യമുഴുവൻ വ്യാപിച്ച് കിടക്കുന്ന ജനമാണിത്. രാഷ്ട്രീയാതിർത്തികൾക്കപ്പുറത്തേക്ക് “ഇന്ത്യൻ” ഈ പുസ്തകത്തിലെ ഇന്ത്യൻ എന്ന വാക്കിനെ കാണണമെന്ന് എനിക്ക് തോന്നുന്നു. 


ഈ പ്രദേശത്തെ ജനങ്ങൾ ആരാണ്? ഇവർ പുറമേ നിന്ന് വന്നവരോ, അതോ ഇവിടെ തന്നെ പരിണമിച്ച് വളർന്നവരോ? ഈ ചോദ്യങ്ങൾക്ക് അക്കാദമികമാനം മാത്രമല്ല, രാഷ്ട്രീയ, മത മാനങ്ങൾ കൂടി കാണുന്ന കാലമാണ്. അതിനാൽ തന്നെ ധീരമായ ഒരു കൃതിയായി ഇതിനെ കാണണം. 


ചരിത്ര ഗവേഷണം പുരാണാംശകങ്ങളുടെ (Fossil)  ഉത്ഖനനത്തിലൂടെയാണ് നടക്കുന്നത് എന്നാണ് ഞാൻ പള്ളിക്കൂടത്തിൽ പഠിച്ചത്. എന്നാൽ ടോണിയുടെ പുസ്തകത്തിൽ പുരാവസ്തുശാസ്ത്ര(archeology)ത്തോടൊപ്പം ജനതിക ശാസ്ത്രവും, (genetics), പുരാതനകാലാവസ്ഥാ ശാസ്ത്രവും (paleoclimatology), ഭാഷാശാസ്ത്രവും (linguistics) മറ്റും കൈകോർത്തിരുന്ന് കഥപറയുന്നു. ശരാശരി ചരിത്ര പാഠപുസ്തകങ്ങളിലെ ശൈലിയിൽ നിന്ന് വിഭിന്നമായി, അപസർപക കഥ വായിക്കും പോലെ തെളിവുകളും, അവയുടെ വിശകലനവും, അവക്കുള്ള വിമർശനവും, വീണ്ടും തെളിവും വിശകനവും കലർന്ന്, ഉദ്വേഗഭരിതമായ ഒരു വായനാനുഭവമാണ് എനിക്കീ പുസ്തകം നൽകിയത്. 


ഏറ്റവും പുതിയ ഗവേഷണഫലങ്ങളുടെ പിൻബലത്തോടെയാണ് ഈ പുസ്തകം കഥപറയുന്നത്. ആ കഥ ഏതാണ്ടിങ്ങനെയാണ്. 


പണ്ട് പണ്ട്, എന്ന് വച്ചാൽ ഏതാണ്ട് 70,000 വർഷങ്ങൾക്കും മുൻപാണ് കഥ ആരംഭിക്കുന്നത്. 


ആ കാലത്ത്, ആഫ്രിക്കയിൽ ആധുനിക മനുഷ്യ വർഗ്ഗത്തിൽ പെട്ട ഒരു സ്ത്രീ ജീവിച്ചിരുന്നു. ഒരു പക്ഷേ തികച്ചും സാധാരണമായി അവർ ജീവിച്ച് മരിച്ചിരിക്കും. (സാധാരണം എന്നതിനെ ആ കാലത്തെ സാധാരണം എന്ന് മനസ്സിലാക്കുക. വേട്ടയാടിയും ശേഖരിച്ചുമാവണം അവർ കഴിഞ്ഞിരുന്നത്. കാരണം കൃഷി അന്ന് വിദൂരഭാവിയിലെ സാധ്യത മാത്രമാണ്.)


 എന്തായാലും അവർക്ക് കുഞ്ഞുങ്ങൾ ജനിച്ചിരുന്നു എന്നുറപ്പ്. കാരണം ഈ ആദിമ മാതാവിന്റെ സന്തതി പരമ്പരകളാണ് ആഫ്രിക്കക്ക് പുറത്ത് ഇന്ന് കാണുന്ന എല്ലാ ആധുനിക മനുഷ്യരും എന്ന് ജനതിക ശാസ്ത്രം തെളിവുകളോടെ സ്ഥാപിക്കുന്നു. 


ഭാവനയെയും ചിന്തയെയും ഉജ്ജ്വലിപ്പിക്കാനുതകുന്ന ഈ കണ്ടെത്തൽ എങ്ങനെ എന്നുള്ളതും പുസ്തകത്തിൽ വിശദീകരിക്കുന്നു. എല്ലാ മനുഷ്യരിലും കാണുന്ന മൈറ്റൊകൊണ്ട്രിയൽ ഡി.എൻ.എ (Mt.DNA) അവർ ഏത് താവഴിയിൽ (maternal leniage) പെടുന്നു എന്നും, പുരുഷന്മാരിൽ കാണുന്ന വൈ-ക്രോമസോമിലെ ഡി.എൻ.എ അവർ ഏത് താതവഴിയിൽ (paternal leniage) ഉൾപ്പെടുന്നു എന്നും വ്യക്തമാക്കും. ലോകത്തിലുള്ള ബ്രഹത് താവഴികളെല്ലാം തന്നെ ആഫ്രിക്കയിലാണുള്ളത്. L1, L2, L3 എന്നിങ്ങനെയുള്ള താവഴികൾ അവിടെ കാണുന്നു. 


എന്നാൽ ഇവയിൽ L3, എന്ന മുഖ്യതാവഴിയുടെ ഉപ താവഴികളായ M, N എന്നിവയും, N ന്റെ ഉപ താവഴിയായ R താവഴിയുമാണ് ആഫ്രിക്കക്ക് പുറത്തുള്ള ജനസഞ്ചയങ്ങളിൽ പ്രബലമായി കാണുന്നത്. എന്നാൽ ഈ ഉപതാവഴികൾ ആഫ്രിക്കയിൽ പ്രബലമായി കാണുന്നുമില്ല. സമാനമായ വിന്യാസം താതവഴികളിലും ദർശിക്കുന്നുണ്ട്. ഇതിൽ നിന്നും ഇന്ന് ലോകത്തെവിടെയും കാണുന്ന ജനസഞ്ചയങ്ങൾ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റത്തിൽ നിന്നുണ്ടായതാണെന്ന് സിദ്ധിക്കുന്നു. 


ഈ താവഴികളിലെ പ്രകാരപരിണാമങ്ങളുടെ (mutation) തോത്അളന്നും, അതോടൊപ്പം പുരാതന കാലാവസ്ഥാപഠനവും ചേർത്ത് വച്ചാണ് ഈ കുടിയേറ്റത്തെ 65000 വർഷം മുൻപെന്ന് കണക്കാക്കുന്നത്. പുരാവസ്തു ഉദ്ഖനനത്തിന്റെ തെളിവുകളും ഇത് തന്നെ സ്ഥാപിക്കുന്നുണ്ട്. 


ഈ കുടിയേറ്റത്തിന്റെ ഭാഗമായി 65000 വർഷം മുൻപ് തന്നെ ഇന്ത്യയിൽ ആധുനിക മനുഷ്യൻ (ഹോമോ സാപിയൻ) എത്തുന്നു. എന്നാൽ മറ്റു പുരാതന നരവംശങ്ങൾക്ക് (നിയാണ്ട്രത്തൽ തുടങ്ങിയ മറ്റ് ഹോമോ വംശങ്ങൾക്ക്) ശക്തമായ സാന്നിധ്യമുള്ള ഇന്ത്യൻ ഉപഭൂഖണ്ഢത്തിന്റെ ഉൾപ്രദേശങ്ങൾ അവർക്ക് അപ്രാപ്യമായി തുടർന്നിരിക്കും. 


ഇവിടെ 65000 വർഷം മുൻപ് എത്തിയ ആധുനിക മനുഷ്യൻ ഏതാണ്ട് 45000 വർഷങ്ങൾ മുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് കടന്ന് അവിടെയുണ്ടായിരുന്ന ആദിമ മനുഷ്യജാതികളെ വെന്ന് മണ്ണിലവന്റെ ആധിപത്യം ഉറപ്പിക്കുന്നു. ഇതിനവരെ സഹായിക്കുന്നത് കാലാവസ്ഥയിലെ മാറ്റങ്ങളും സൂക്ഷ്‌മശിലായുധങ്ങളിലേക്കുള്ള (microlithic tools) വളർചയുമാണെന്ന് കരുതപ്പെടുന്നു. ഇന്നും നമ്മളടക്കമുള്ള ആധുനിക മനുഷ്യരിൽ ആദിമ മനുഷ്യജാതികളുടെ ഡി എൻ എ യുടെ സാന്നിദ്ധ്യം കൂടെ കാണുന്നതിൽ നിന്ന്, ആദിമ മനുഷ്യർ തികച്ചും ഉന്മൂലനത്തിനു വിധേയരാവുകയല്ലായിരുന്നു എന്നും, അവരിലൊരു ന്യൂനപക്ഷമെങ്കിലും ഉയർന്ന സാങ്കേതിക വിദ്യയുമായി കുടിയേറി വന്ന ആധുനിക മനുഷ്യ സമൂഹത്തിലേക്ക് അലിഞ്ഞു ചേരുകയായിരുന്നു എന്നും സൂചിപ്പിക്കുന്നു.


ഈ കഥയിൽ നിന്നും വെളിവാകുന്നത്  കാര്യങ്ങളാണ്. ഒന്ന്, ലോക മനുഷ്യ ജനതയാകെ സാഹോദര്യത്താൽ ബന്ധപ്പെട്ടിരിക്കുന്നു. രണ്ട്, ഭാരതത്തിലെ ആദ്യ ആധുനിക മനുഷ്യൻ കുടിയേറി വന്നവനാണ്. അവർ ഇവിടെ അവശേഷിപ്പിച്ച സന്തതി പരമ്പര ആധുനിക മനുഷ്യനിൽ മാത്രമല്ല, മറ്റ് ആദിമ മനുഷ്യജാതികളിൽ കൂടി തന്റെ മുൻ തലമുറകളെ ദർശിക്കേണ്ടതുണ്ട്.  ഈ വിധം ഇടകലർന്ന് വളർന്ന മനുഷ്യ സമൂഹത്തിന്റെ പിന്മുറക്കാരെ കാണുവാൻ നമ്മൾ കണ്ണാടി നോക്കിയാൽ മതിയാവും എന്നും. 


എന്നാൽ കുടിയേറ്റങ്ങളുടെ കഥ അവിടെ തീരുന്നില്ല. ജനതിക ശാസ്ത്രവും, പുരാവസ്തുശാസ്ത്രവും, പുരാതന കാലാവസ്ഥാ പഠനങ്ങളും കൈ കോർത്ത് കഥ പറച്ചിൽ തുടരുന്നു. ഏതാണ്ട് 7000 BCEയോടെ ഇന്നത്തെ ബലോചിസ്ഥാനിനടുത്ത് മെഹർഗാർഹ് എന്നയിടത്ത് കൃഷിയുടെ ആദ്യ ശ്രമങ്ങൾ നടക്കുന്നതിന് തെളിവുകൾ കണ്ടെത്തിയിരിക്കുന്നു. ഹാരപ്പൻ സംസ്കൃതിയുടെ ബീജങ്ങൾ ഇവിടെ കാണാം.  


ഏതാണ്ട് 5400 BECയിൽ ഇറാനിലെ സർഗൊസ് മലനിരകൾക്കടുത്ത് നിന്നുള്ള ഒരു വൻ കുടിയേറ്റം ഇന്ത്യയിലേക്കുണ്ടാവുന്നു. ഈ ജനസഞ്ചയം അടിസ്ഥാനപരമായി കൃഷിക്കാർ തന്നെയാണ്. അവരും ഇവിടെയുണ്ടായിരുന്ന ആദ്യ ഭാരതീയരും കലർന്ന് ഒരു പുതിയ ജനസഞ്ചയം രൂപപ്പെടുകയും, അവർ ലോകത്തിലെ ഏറ്റവും വലിയ (വ്യാപ്തിയിലും ജനസംഖ്യയിലും) സംസ്കൃതിയായ ഹാരപ്പൻ സംസ്കൃതി രൂപപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ 5500 BCE മുതൽ 1300 BCE വരെ നീളുന്ന ഈ സംസ്കാരത്തിൻ്റെ ബാക്കിപത്രങ്ങൾ മണ്ണിലൊളിച്ചിരിക്കുന്ന പുരാവസ്തുക്കളായി മാത്രമല്ല, നമ്മിലൊളിച്ചിരിക്കുന്ന DNA തെളിവായും, നമ്മുടെ ഭാഷകളിൽ അലിഞ്ഞിരിക്കുന്ന വാക്കുകളായും പ്രതിഫലിക്കുന്ന അത്ഭുത കഥ ടോണി വരച്ചിടുന്നുണ്ട്. 


ഈ സംസ്കൃതിയുടെ പുഷ്കലകാലത്തിൽ തന്നെ ഏതാണ്ട് 2000 BCEയോടെ ഇന്നത്തെ ചൈനയിൽ നിന്നുള്ള മറ്റൊരു കർഷക കുടിയേറ്റവും ചരിത്രം അടിയാളപ്പെടുത്തുന്നു. എന്നാൽ ഭാരതത്തിന്റെ സംസ്കൃതിയെ ഇന്ന് കാണും വിധം രൂപപ്പെടുത്തിയതിൽ മുഖ്യ പങ്ക് വഹിച്ച കുടിയേറ്റം ഇനി വരാനിരിക്കുന്നതേയുണ്ടായിരുന്നൊള്ളു. 


ഏതാണ്ട് 2000 മുതൽ 1500 BCE കാലത്ത് മധ്യേഷ്യയിൽ നിന്നുമുള്ള അശ്വാരൂഢരായ, കാലി മേക്കുന്നവരായ, ആയുധ സാങ്കേതിക വിദ്യയിൽ മുന്നിലായിരുന്ന ഒരു ജനസഞ്ചയം ഇന്ത്യയിലെത്തുന്നു. ആര്യന്മാർ എന്ന് സ്വയം വിശേഷിപ്പിച്ച ഇവർ  എന്നാൽ നിലവിലുണ്ടായിരുന്ന സംസ്കാരങ്ങളെ നശിപ്പിച്ച് പുതിയതൊന്ന് സ്ഥാപിച്ചു എന്ന പൊതു ധാരണക്ക് വിരുദ്ധമാണ് ജനതിക സൂചനകൾ. അവരും ഇവിടെ വന്ന് ഇവിടുള്ള സമൂഹവുമായി കലരുക തന്നെയാണുണ്ടായത്. ഒരു പക്ഷേ അപ്പൊഴേക്കും കാലാവസ്ഥാകാരണങ്ങളാൽ തന്നെ ഹാരപ്പൻ സംസ്കൃതി നാശോന്മുഖമായി തീരുകയും അവിടെ നിന്നും തെക്കൻ ഭാരതത്തിലേക്കും മധ്യ ഭാരതത്തിലേക്കും മറ്റും കുടിയേറ്റങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. ഈ വിധം ഒടുവിലെത്തിയ കുടിയേറ്റക്കാർ കൂടി കലർന്ന്, അവരിൽ നിന്നുള്ള ചിന്താ സംസ്കാരങ്ങൾ കൂടി നിലവിലുള്ളവയിൽ കലർത്തി ഭാരതം വേദസംസ്കാരം രൂപപ്പെടുത്തുകയായിരുന്നു എന്ന് കാണുന്നു. 


തുടർന്ന് വളരെ നാൾ സ്വതന്ത്രമായ ജനതിക കലരുകൾക്ക് ഭാരതം വേദിയായിരുന്നു എന്നതിൽ നിന്ന് ഒന്ന് മറ്റൊന്നിൽ നിന്ന് മതിൽ കെട്ടിതിരിച്ച ജാതി അന്നുരുക്കൊണ്ടിട്ടില്ല എന്നും, പിൽക്കാലത്തുണ്ടായ സംവിധാനമാണത് എന്നും കൂടി പുതിയ പഠനങ്ങൾ കാണിക്കുന്നു. ഇതിൽ നിന്ന് പുറമേനിന്ന് വന്ന ആര്യന്മാരുടെ സംഭാവനയല്ല ജാതിയെന്ന ഭ്രാന്ത് എന്നും, അത് ഇവിടെ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളാൽ രൂപീകൃതമായ ജുഗുപ്സാവഹമായ രീതിയാണ് എന്നുമുള്ള സൂചനകളിലേക്കാണ് ചരിത്ര പഠനം വികസിക്കുന്നതത്രെ. എന്തായാലും ജാതി എന്ന സംവിധാനം ഇടകലർന്ന് കുടുംബമുണ്ടാക്കുന്നതിന് നിയന്ത്രണങ്ങൾ വച്ചതും, കൂടിയ ജനസംഖ്യയും, പിന്നീട് ഭാരതത്തിലേക്ക് നടന്ന കുടിയേറ്റങ്ങൾ, (അതായിത് മുഗൾ, യൂറോപ്യൻ, എന്നിവയെല്ലാം) കാര്യമായ ജനതിക കൈയ്യൊപ്പ് ഇവിടുള്ള ജനസഞ്ചയത്തിൽ അവശേഷിപ്പിക്കാതെ പോയി. 


ഈ കുറിപ്പിൽ ഞാൻ പുനരാഖ്യാനം ചെയ്യാൻ ശ്രമിച്ച കഥയിൽ പ്രമാദങ്ങൾ കടന്ന് കൂടിയിരിക്കും. വായിച്ച പുസ്തകങ്ങളിൽ നിന്ന് കുറിപ്പ് എഴുതി വെക്കുന്ന നല്ല ശീലം ഇപ്പൊഴും ഇല്ല. പകുതി ഓർമയിൽ നിന്നും, പകുതി അവിടിവിടങ്ങളിൽ നിന്നുള്ള പുനർവായനയിൽ നിന്നുമാണ് ഇത് ഒരുക്കിയത്. വർഷവും തീയതിയും ഒക്കെ തെറ്റാൻ സാദ്ധ്യത ഏറെ. അങ്ങനെയുള്ള അപഭ്രംശങ്ങൾക്ക് മാപ്പ് പറയുന്നു. 


നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രപഠനത്തെ അധികരിച്ച് കഥപറയുമ്പോൾ തീർചയായും കഥ അപൂർണമായി നിർത്തുകയേ വഴിയൊള്ളു. ചരിത്രമെന്ന കഥ ഒരിക്കലും പൂർണമാവുന്നില്ലല്ലോ. ആദിമധ്യാന്തങ്ങളില്ലാത്ത അഗ്നിജ്വാലയായി ശിവനെ ചിത്രീകരിക്കുന്ന ഒരു പുരാണ കഥയുണ്ട്. അതിന്റെ ആദ്യന്തങ്ങൾ തേടി പരാജയപ്പെടുന്നുണ്ട് ബ്രഹ്‌മനും വിഷ്ണുവും. ഒരുപക്ഷേ ഈ കല്പന ഏറ്റവും ചേരുന്നത് ചരിത്രത്തിനാണ്. ആദ്യന്തങ്ങളില്ലാതെ ഈ വിഷയം നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതിൽ നിന്ന് തിരിച്ചറിവുകളുടെ ചില കൈത്തിരികൾ കൊളുത്തിയെടുക്കാൻ മാത്രമാണ് നമുക്ക് നിയോഗം. കാരണം നമ്മുടെ സമയത്തിന് ആദ്യന്തങ്ങളുണ്ട്. അത്തരമൊരു കൈത്തിരിയാണ് ഏർളി ഇന്ത്യൻസ് എന്ന ഈ പുസ്തകവും. 


ഒരു പക്ഷേ പുതിയ ജനതിക തെളിവുകൾ സൂചിപ്പിക്കുന്നത് ലോകത്തിലുള്ള സകല മനുഷ്യരും വിദൂരമാണെങ്കിലും രക്തത്താൽ തന്നെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. നമ്മിലോരോരുത്തരിലും മറ്റെല്ലാവരും കലർന്നിരിക്കുന്നു എന്ന സത്യവും. ആധുനിക മനുഷ്യൻ ഇനി വളരേണ്ടത് ഈ തിരിച്ചറിവിലേക്കാണ് എന്നതിന് ഏറ്റവും ഉച്ചത്തിലുള്ള ഉദാഹരണങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഈ പഠനങ്ങൾ ഏറ്റവും പ്രസക്തമാവുന്നു. ടോണി ജോസഫിന്റെ പുസ്തകമാവട്ടെ, ഈ പ്രധാനപ്പെട്ട വിവരം ഏറ്റവും വായനാക്ഷമമായ രീതിയിൽ നമുക്കവതരിപ്പിച്ച് തരികയും ചെയ്യുന്നു. ടോണിയോട് ചരിത്രം കടപ്പെട്ടിരിക്കുന്നു. 


Comments

Popular posts from this blog

ക്വട്ടേഷന്‍സ്

കവിതാപാരായണം

എതിര് - എം കുഞ്ഞാമൻ