വക്കീലന്മാർ രൂപപ്പെടുന്നത്
പ്രീഡിഗ്രി പരീക്ഷയുടെ അവസാന ദിനം.
തേവര തിരുഹൃദയ കലാലയത്തോട് യാത്ര പറയുന്ന ദിവസം. രണ്ട് കൊല്ലമാണ് ഇവിടെ ചെലവിട്ടത്. സ്കൂൾക്കുട്ടിയിൽ നിന്ന് കോളേജുകുമാരനിലേക്ക് വളർന്നത് ദാ, ആ ഗേറ്റ് കടന്ന് വന്നപ്പോഴാണ്. വലിയ സ്കൂൾബാഗിൽ നിന്ന് ആദ്യം രണ്ടോ മൂന്നോ നോട്ട് പുസ്തകത്തിലേക്ക് - പിന്നെ ഒരു നോട്ട്ബുക്കിലേക്ക്, വിദ്യാഭ്യാസം “വളർന്നത്” ഈ ക്ലാസ്‌മുറികളിലാണ്. (അത് പിന്നെ എട്ടായി മടക്കിയ കടലാസിലേക്ക് പരന്നത് നിയമകലാലയത്തിലും).
അവസാന ദിവസത്തെ പരീക്ഷ രാവിലെ തന്നെ തീർന്നു. പന്ത്രണ്ട് മണിയോ മറ്റോ ആയിരിക്കണം. കലാലയത്തിലെ അവസാന ദിവസം ആഘോഷിക്കാൻ ഞങ്ങൾ കൂട്ടം കൂടി കറങ്ങി. വെറുതെ ക്ലാസ് മുറികളിൽ കയറിയിറങ്ങി. പരീക്ഷ നടന്ന ആഡിറ്റോറിയത്തിൽ പോയില്ല. ആകാശം വരച്ച് ചേർത്ത ആ മഹാസഭ ഒന്ന് കൂടി കാണണം എന്നുണ്ട്. പക്ഷേ അവിടെ വേറെ പരീക്ഷ തുടങ്ങിയിരിക്കും.
എന്നാൽ കായലും ആകാശവും കാണാൻ ഗ്രൗണ്ടിലേക്ക് പോകാം എന്നായി. എല്ലാവരും ലേക്_വ്യൂ ലക്ഷ്യമാക്കി നടന്നു. എല്ലാവരും എന്നാൽ - പീറ്റർ, മാനുവൽ, സുരേഷ്, സാം, ജ്യോതി, ഗ്രേസ്, ജിബി, ഷൈമ, പിന്നെ ഞാനും… ഞങ്ങളുടെ ചെറിയ സംഘം. എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. ഇന്ന് തിരിഞ്ഞാലോചിക്കുമ്പോൾ അത് ഒരു പട തന്നെ എന്ന് തോന്നുന്നുണ്ട്. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ കാഴ്ചമങ്ങുന്നുണ്ടാവണം. കാരണം മക്കൾ അമ്മുവും ചിന്നുവും ഇപ്പോൾ ആ പ്രായമാണ്. അന്ന് ചെറുതെന്ന് തോന്നിയിരുന്നത് വലുതാവുകയും, വലുതെന്ന് കരുതിയത് ചെറുതാവുകയും ചെയ്യുന്നതിൻ്റെ പേരാണല്ലോ വൃദ്ധത്വം!
സേക്രഡ് ഹാർട്ടിന്റെ പടിഞ്ഞാറ് കായലാണ്. ആ കായലോട് ചേർന്ന് വലിയ കളിക്കളം. അതാണ് ലേക് വ്യൂ. കായലരികത്ത് ചെന്ന് കുറേ നേരം സോറപറഞ്ഞും വരുന്ന കാലത്തെ പറ്റി സ്വപ്നം പങ്കിട്ടും ഞങ്ങൾ അവസാന ദിനം അവിസ്‌മരണീയമാക്കി. മടങ്ങാൻ തുടങ്ങുമ്പോൾ ഗ്രൗണ്ടിന്റെ അറ്റത്ത് ഒരു വെളുത്ത രൂപം. നട്ടുച്ചക്ക് പ്രേതമിറങ്ങിയതല്ല. പക്ഷേ ഞങ്ങൾ ഒന്ന് ഭയന്നു. കാരണം ആ വെളുത്ത രൂപം പ്രിൻസിപ്പാളാണ്. ഫാദർ ജോസ് പാലമറ്റം.
കൈകെട്ടി നിൽക്കുന്ന അദ്ദേഹത്തിൻ്റെ മുഖത്ത് നിസംഗതയും കണ്ണിൽ അല്പം കോപവും ഉണ്ട്.
“ക്ലാസവേഴ്സിൽ ഗ്രൗണ്ടിൽ പോകരുത് എന്നറിയില്ലേ?”
ശബ്ദം കടുത്ത്, പുരികം വളച്ചാണ് ചോദ്യം. കുടുങ്ങിയല്ലോ. സംഗതി ശരിയാണ്. ക്ലാസ് സമയത്ത് ലേക് വ്യൂ സന്ദർശനത്തിനു നിരോധനമുണ്ട്. ഞങ്ങൾ പ്രീഡിഗ്രിക്കാർക്കാണല്ലോ പരീക്ഷ. മറ്റുള്ളവർക്ക് ക്ലാസ് നടക്കുന്നുണ്ട്. “ക്ലാസവർ” എന്നതിൻ്റെ നിർവചനത്തിൽ വരാവുന്ന സമയമാണ് ഞങ്ങളുടെ ആഘോഷം നടന്ന സമയം.
“ഞങ്ങൾ - പിന്നെ ... ലാസ്റ്റ് എക്സാമയത് കൊണ്ട്” - ന്യായീകരിക്കുകയാണല്ലോ മനുഷ വാസന.
“അത് കൊണ്ട്? പരീക്ഷ ആയത് കൊണ്ട്?” “ശരി. പേരും ക്ലാസ് നമ്പരും പറഞ്ഞോളു.”- പ്രധാനാദ്ധ്യാപകന്റെ ശബ്ദം മേലോട്ട് കേറുന്നതേ ഒള്ളു. കടലാസെടുത്ത് എഴുത്ത് തുടങ്ങിക്കഴിഞ്ഞു.
അദ്ദേഹം ഇടക്ക് മാനുവലിനെ നോക്കുന്നുണ്ട്. അവനല്ലേലും കാമ്പസിൽ അല്പം നല്ല പേരാണ്. പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലെങ്കിലും ചുവന്ന് കലങ്ങിയിരിക്കുന്ന കണ്ണുകൾ അവന് സുപ്രസിദ്ധിയല്ല നേടി കൊടുത്തിട്ടുള്ളത്. അവൻ വാതുറന്ന് വല്ലതും പറഞ്ഞപ്പോഴൊക്കെ - പ്രത്യേകിച്ച് മലയാളത്തിൽ പറഞ്ഞപ്പൊഴൊക്കെ - അത് അഹങ്കാരം, ബഹുമാനക്കുറവ് എന്നിവയുടെ ഉത്തമ നിദർശനങ്ങളായി അദ്ധ്യാപകർ മനസ്സിലാക്കിയിട്ടും ഉണ്ട്. സത്യത്തിൽ അവന് മലയാളം അറിയില്ല. ഹിന്ദി പ്രവിശ്യയിൽ നിന്നാണ് വരവ്. അതവന്റെ മലയാളഭാഷ അപകടകരമാക്കി. പക്ഷേ അത് പ്രിൻസിപ്പാളുണ്ടോ അറിയുന്നു.
“അല്ലച്ചോ … ഇന്നവസാനത്തെ പരീക്ഷയായിരുന്നു. ഇന്ന് ഞങ്ങൾ ഇവിടെ നിന്ന് പോവുകയാണല്ലോ. അത് കൊണ്ട്” - ന്യായമല്ലേ?
“അതെ. ഇന്ന് നിങ്ങൾ ഇവിടെ നിന്ന് പോവുകയാണല്ലോ. കോണ്ടക്ട് സർട്ടിഫിക്കറ്റൊക്കെ തരണമല്ലോ. അപ്പോൾ നിങ്ങളെ ശിക്ഷിക്കാൻ എനിക്ക് കിട്ടുന്ന അവസാനത്തെ അവസരമാണ് ഇത്”. ഇപ്പോൾ ആ ചുണ്ടിൽ ഒരു ചിരിയുണ്ട്. നിന്നെ ഒക്കെ ഞാൻ കാണിച്ച് തരാമടാ എന്നാണോ ആ ചിരി.
അപ്പോഴാണ് പലപ്പൊഴും സഹായിച്ച വികടസരസ്വതി എൻ്റെ നാക്കിൽ വിളയാടിയത്.
“അച്ചോ, ഞങ്ങളോട് ക്ഷമിക്കാനും ഇത് അവസാനത്തെ അവസരമായിരിക്കും”
എഴുത്ത് നിന്നു. എന്നിട്ട് എന്നെ പുരികം വളച്ച് നോക്കി. ഇത്രയും പാവമായ ഒരു ഭാവം എന്റെ മുഖത്ത് പിന്നൊരിക്കലും വന്നിട്ടില്ല. വീണ്ടും ജോസച്ചൻ കടലാസിൽ നോക്കി.
“നിന്റെ പേരെന്താന്നാ പറഞ്ഞത്?”
ഞാൻ പേര് ആവർത്തിച്ചു.
“പ്രീഡിഗ്രി കഴിഞ്ഞ് എന്ത് കോഴ്സിനാ ചേരുന്നത്?”
എന്ത് പറഞ്ഞാൽ ശരിയാവും എന്നറിയാഞ്ഞതിനാൽ തീരുമാനിച്ചില്ല എന്ന് പറഞ്ഞു.
“എൽ എൽ ബി ഒന്ന് നോക്കിക്കോളു. നന്നാവും”. എന്നിട്ട് എഴുതിയ പേരുകൾ അടങ്ങിയ കടലാസ് ഒന്ന് കീറി അദ്ദേഹം പോക്കറ്റിലിട്ടു. എന്നെയും കൂട്ട് പ്രതികളെയും നിരുപാധികം വിട്ടയച്ചിരിക്കുന്നു.
അച്ചൻ പറഞ്ഞത് തെറ്റിയില്ല. എൽ എൽ ബി എന്ന തീരുമാനം നന്നായേ ഒള്ളു. ചില കേസുകൾ വാശിക്ക് വാദിക്കുന്നതല്ല ഉചിതം എന്ന ആദ്യ വക്കീൽ പാഠം എന്നെ പഠിപ്പിച്ചത് നിയമാദ്ധ്യാപകരല്ല. ഫാദർ ജോസ് പാലമറ്റമാണ്. ആദ്യ വക്കാലത്ത് ഒപ്പിടാതെ ഏല്പിച്ചത് എന്റെ കൂട്ടുകാരും.
Comments
Post a Comment