എതിര് - എം കുഞ്ഞാമൻ

 

“ഇത് പരാജയപ്പെട്ട ഒരാളുടെ വിചാരങ്ങളാണ്. വ്യവസ്ഥിതിയാൽ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ. അത്തരം വ്യക്തികളുടെ ചിന്തകൾക്കും സാമൂഹജീവിതത്തിലും ചരിത്രത്തിലും ഒരു ഇടം വേണം. അവ രേഖപ്പെടുത്തണം. കാരണം പരാജയങ്ങളാണ് ഈ പ്രപഞ്ചത്തെ സംബന്ധിച്ച യഥാർത്ഥ പാഠങ്ങൾ. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകൾക്കുമായി ഒരോ വ്യക്തിക്കും സമർപ്പിക്കാനുള്ളത് ഇതുപോലെ പരാജയങ്ങളിൽ നിന്ന് രൂപപ്പെട്ട പാഠങ്ങളായിരിക്കണം”.  - എതിര് (എം. കുഞ്ഞാമൻ)

ആത്‌മകഥക്കുള്ള 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികളുടെ പട്ടികയിൽ നിന്നാണ് ഞാൻ എതിരിനെ പറ്റി കേൾക്കുന്നത്. “ചൊറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം” എന്ന ഉപശീർഷകവും എന്നെ ആകർഷിച്ചു. 


എന്നാൽ, ഇത് സാധാരണ ആത്‌മകഥയല്ല. കഥ വളരെ കുറവും എഴുത്തുകാരന്റെ ആത്‌മം വളരെ കൂടുതലുമുള്ള ഒരു പുസ്തകമാണ്. ജീവിതാനുഭവങ്ങളുടെ കാലാനുസാരിയായ കഥനമല്ല, കഥാപുരുഷന്റെ മനസ്സിനെ ഉലച്ചതും, ഇപ്പൊഴും ഉലയ്ക്കുന്നതുമായ, ചിന്തകളുടെ, ആശയങ്ങളുടെ, ആത്‌മസംവാദങ്ങളുടെ സമ്പാദനമാണ്. അവയാകട്ടെ പലപ്പോഴും കെട്ടുപിണഞ്ഞും, ചിതറിത്തെറിച്ചും കിടക്കുന്നു. 


സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, നവോത്ഥാനന്തര കേരളത്തിൽ ജനിച്ചു വളർന്ന ഒരു ദളിതൻ, തന്റെ ജീവിതാനുഭവങ്ങളും, ആ വഴി വിചാരാനുഭവങ്ങളും, പങ്കിടുമ്പോൾ നാട് കാതോർക്കേണ്ടത് അനിവാര്യമാണ്. ഒരു ജനാവലിയെന്ന നിലക്ക് നമ്മൾ ശരികളെന്ന് ഹുങ്ക്കൊണ്ടവക്കെതിരെ വിമർശനങ്ങളുയരുമ്പോൾ അവക്ക് മനസ്സോർക്കേണ്ടത് അനിവാര്യമാണ്. വിമർശനങ്ങൾ കേൾക്കാത്തവർക്ക് തിരുത്താനും അതിജീവിക്കാനും അവസരങ്ങളില്ല എന്ന് മാത്രമല്ല, അർഹത പോലുമില്ല. 


  ഭൂപരിഷ്കരണം, ജനാധിപത്യം, സംവരണം, സ്വാതന്ത്ര്യം, ജനകീയാസൂത്രണം എന്നിങ്ങനെ വിവിധ ആശയങ്ങളും, ഒരുപാട് നേതാക്കന്മാരും ഇവിടെ പര്യാലോചനക്ക് വിധേയരാവുന്നു. ചരിത്രവും ഭാവിയും ഈ ചിന്താപരിശ്രമത്തിനു നിറം ചാർത്തുന്നുണ്ട്.  നമുക്കപജയങ്ങൾ പറ്റിയതായി സൂചിപ്പിക്കപ്പെടുന്നു. അതിനുള്ള കാരണങ്ങൾ - പരിഹാരങ്ങൾ - വെല്ലുവിളികൾ - എല്ലാം ചർചചെയ്യപ്പെടുന്നു. ആശയാഭിപ്രായങ്ങളോട് ഒരു പക്ഷേ നമുക്ക് വിയോജിപ്പുണ്ടാവാം. എന്നാൽ അവ അവഗണിക്കാവുന്നവയല്ല തന്നെ. 


സാഹിത്യ അക്കാദമി പുരസ്കാരം കിട്ടിയതിനെ തുടർന്നാണ് ഈ പുസ്തകം ഞാൻ ശ്രദ്ധിച്ചത് എന്ന് പറഞ്ഞുവല്ലോ. സത്യത്തിൽ ആ പുരസ്കാര പട്ടികയിൽ നിന്നല്ല. അത്  നിരസിച്ച് ശ്രീ. കുഞ്ഞാമൻ  നടത്തിയ ഒരു പ്രസ്താവനയാണ് ഞാൻ കണ്ടത്. അന്വേഷണങ്ങൾ അംഗീകാരത്തിനു വേണ്ടിയല്ല നടത്തുന്നതെന്നും, താൻ പുരസ്കാരം നിഷേധിക്കുന്നത് എതിർപ്പായല്ല, എന്നും അദ്ദേഹം സൂചിപ്പിച്ചതായി വായിച്ചു. അതൊരു മനോഭാവത്തിന്റെ ഭാഗമാണ് എന്നും പറഞ്ഞു. 


ഒരു അക്കദമിക് മനസ്സിനു മാത്രം കാണുന്ന ആ നിസ്സംഗത ഈ പുസ്തകത്തിലെ ചർച്ചയിൽ ഉടനീളമുണ്ട്. അതിനാൽ തന്നെ തനിക്ക് തെറ്റു പറ്റി എന്ന് തുറന്ന് പറയുന്നതിൽ അദ്ദേഹം മടിക്കുന്നില്ല. എവിടെയെങ്കിലും പക്ഷപാതപരമായി ഒട്ടിച്ചേർന്ന് നിന്നല്ല അദ്ദേഹം തന്റെ ചിന്താമണ്ഡലം വരച്ചിടുന്നത്. ഉദ്ധരണികളുടെയും പരാമർശങ്ങളുടെയും അമിതഭാരമില്ലാതെ, സ്വന്തം ചിന്തകൾ അദ്ദേഹം അവതരിപ്പിക്കുന്നു. ഈ ആശയങ്ങൾ ചർച്ച ചെയ്യേണ്ട എല്ലാവരിലും എത്തുന്ന വിധം ലളിതമായ ഭാഷയല്ല പുസ്തകത്തിന്റേത് എന്നത് ന്യായമായ വിമർശനമാകാം. ആ ആശയ ലോകവും അത്ര ലളിതമല്ല എന്നതാണ് സത്യം. 


ഒരാളുടെ ജീവിതകഥ നമുക്ക് മനസ്സിലാക്കിതരുന്നുണ്ടോ ഈ പുസ്തകം? എനിക്ക് സംശയമാണ്. എന്നാൽ മനസ്സിരുത്തി വായിക്കുന്ന ഒരാളുടെ ജീവിതകഥയിൽ മാറ്റങ്ങൾ വരുത്തുവാൻ, അയാൾ നമ്മുടെ സാമൂഹികപ്രശ്നങ്ങളെ സമീപിക്കുന്ന രീതിയിൽ മാറ്റം വരുത്തുവാൻ, നിശ്ചയമായും ഈ ചെറിയ പുസ്തകം ഉതകും എന്നതിൽ ഒട്ടും സംശയമില്ല. 


Comments

Popular posts from this blog

ക്വട്ടേഷന്‍സ്

കവിതാപാരായണം