വോളന്റി നോൺ ഫിറ്റ് ഇഞ്ചുറിയ
തലക്ക് വെളിവുള്ള പല കൂട്ടുകാരും (വീട്ടുകാരും)പറഞ്ഞതാണ് പുലിമുരുകൻ തനി ത്രാഷാണ് എന്ന്. എന്നിട്ടും പോയി. രണ്ടേ മുക്കാൽ മണിക്കൂർ സഹിച്ചു. നൂറു കോടിയിലേക്കൽപ്പം ഞങ്ങളുടെ വകയായി എറിഞ്ഞു.
അമാനുഷിക ശക്തിയുള്ള നായകൻ. 10 - 12 വയസ്സുള്ളപ്പോൾ പുലിയെ ഓടിച്ച് തോൽപിച്ച് വേലെറിഞ്ഞ് കൊല്ലുന്നവൻ. അറസ്റ്റ് ചെയ്യാൻ വരുന്ന മുഷ്കരും വില്ലന്മാരുമായ പത്തോളം നിയമപരിപാലകരെ ഒറ്റക്കിടിച്ച് നിലംപരിശാക്കിക്കളയുന്നവൻ. (അതു കഴിഞ്ഞ് നേരെ ഡിജിപിയുടെ ഓഫീസിൽ ചെന്ന് കീഴടങ്ങി ഹീറോയിസം കാണിക്കുന്നില്ല. കാണികളോടത്രയും അനുകമ്പയുണ്ട്.) വില്ലന്മാർ ഒരു കൂട്ടം. സൗകര്യം പോലെ ചില വില്ലന്മാർ മറുകണ്ടം ചാടി നായകപക്ഷത്താകും. അവിശ്വസനീയമായ കഥ. അതു പോട്ടെ. കഥയല്ലേ. ചോദ്യമില്ല. കാർട്ടൂണാണെന്നോ, സൈ ഫൈ - ആക്ഷൻ ഇനത്തിൽപ്പെടുന്നതെന്നോ അങ്ങ് സമാധാനിക്കാം.
എന്നാൽ എന്താണീ സിനിമ നല്കുകുന്ന സന്ദേശം ? എല്ലാത്തിലും മോറൽ ഓഫ് ദ സ്റ്റോറി തിരയുന്ന പ്രായത്തിലുള്ള ചിന്നുവിന്റെ ഉത്തരം ഇതാണ്. "നിങ്ങൾക്കിഷ്ടമില്ലാത്ത കാര്യം ചെയ്യുന്നവരെ കൊന്നുകളയണം".
ഇതു തന്നെയാണ് കല എന്ന നിലക്ക് ഈ സിനിമയുടെ അപചയം. കാടിനെ പറ്റി, മൃഗങ്ങളെ പറ്റി, മനുഷ്യരെ പറ്റിയും അതു നല്കുന്ന തികച്ചും തെറ്റായ സന്ദേശം.
കുടുംബമൊത്ത് കാണാൻ നിർദേശിക്കാവുന്ന കഥാസന്ദർഭങ്ങളോ, സംഭാഷണങ്ങളോ അല്ല സിനിമയിലുള്ളത്.
മഹാനടനായ മോഹൻലാലിന്റെ പോലും മനസ്സിൽ നിൽക്കുന്ന ഒരഭിനയ മുഹൂർത്തം സിനിമയിൽ കാണാനായില്ല. ജഗപതി ബാബുവിന്റെ വില്ലൻ കഥാപാത്രവും കമാലിനി മുഖർജിയുടെ നായിക (?) യും ഭാവത്തിന്റെ ഏകതാനതകൊണ്ട് ബോറടിപ്പിച്ചു.
ആകെ നാലു സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിൽ. കഥാഗതിയിൽ അവർക്ക് കാര്യമായ ഒരു പങ്കും കാണുന്നില്ല. സ്ത്രീ എന്നാൽ ശരീരം മാത്രം എന്ന സൂചന വ്യംഗ്യമായി നല്കുന്ന കഥയും തിരകഥയും. സംഭാഷണമില്ലാതെ, ശരീരപ്രദർശനത്തിന് മാത്രം ഒരു നടിയുമുണ്ട്.
എന്തിന് എന്ന് വ്യക്തമാകാത്ത കുറേ കഥാപാത്രങ്ങളും കുറേ രംഗങ്ങളും കാണുന്നുണ്ട്. എഡിറ്റിങ്ങിന്റെ പിഴവല്ല, അതിന്റെ പൂർണമായ അഭാവമാണ് തോന്നിയത്.
പ്രതിഭയുടെയും കലാമൂല്യത്തിന്റെയും തികഞ്ഞ അസാന്നിദ്ധ്യം മാത്രമാണ് ഈ ചിത്രം കാഴ്ചവക്കുന്നത്. ആടിനെ പട്ടിയാക്കുന്ന മാധ്യമ സർക്കസ് ഇതിനെ ബ്രന്മാണ്ഡ സിനിമയാക്കുന്നത് പണം വാങ്ങിയ വാർത്തകൾ വഴിയോ എന്ന് സംശയിച്ചു പോകുന്നു. മലയാളിയുടെ ചലചിത്രബോധത്തിനു മേൽ ഒരു കറുത്ത പുള്ളിയാണ് ഈ ചിത്രത്തിന്റെ സാമ്പത്തിക വിജയം.
Comments
Post a Comment