ഹര്‍ത്താലിലെ ഹാലുകള്‍



പൂക്കാട്ടുപടിക്കും ആലുവക്കും ഇടക്കുള്ള കുഞ്ഞാറ്റുകര എന്ന കുഞ്ഞ് കുഗ്രാമത്തില്‍ താമസിക്കുന്ന രാജന്(അസല്‍ പേരല്ല) രാഷ്ട്രീയമില്ല. വോട്ട് ചെയ്യാന്‍ തന്നെ മിനക്കെടാറില്ല. പ്ലംബിങ്ങ് പണിയാണ് വരുമാനമാര്‍ഗ്ഗം. അത് അസ്ഥിരവും ആപേക്ഷികവുമാണ്. അതു കൊണ്ടാണ് ഭാര്യ ദേവകിക്ക് രണ്ട് വര്‍ഷം മുന്‍പ് വന്ന തലച്ചുറ്റലിന് സ്ഥിരമായി കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് ഇടക്കൊക്കെ നിറുത്തേണ്ടി വരുന്നത്. ദേവകിക്ക് മാണിയേയും മോഡിയേയും തന്നെ നല്ല പരിചയമില്ല. നടക്കാനൊക്കെ പ്രയാസമുണ്ട്.(മുട്ടിലെ വാഷര്‍ പോയതാണെന്ന് രാജൻ. ഡോക്ടര്‍ അങ്ങിനെ പറഞ്ഞത്രേ.) നടക്കാനേ പ്രയാസമുള്ളു. സംസാരം നോണ്‍ സ്റ്റോപ്പാണ്.

തലച്ചുറ്റല്‍ വീണ്ടും വന്ന് തുടങ്ങി. എം. ആര്‍. ഐ സ്കാന്‍ ചെയ്യാന്‍ ഡിസംബര്‍ ആദ്യം പറഞ്ഞതാണ്. പ്രൈവറ്റ് സ്കാന്‍ സെന്ററുകളില്‍ അതിന് 10000 ക ചെലവു വരും. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ അതിന് 2500 മതി. അതിനാലാണ് രണ്ട് മാസം മുന്‍പ് ബുക്ക് ചെയ്ത് അവിടെ സ്കാനിങ്ങിന് “സീട്ടാക്കിച്ചത്”. കിട്ടിയ തീയതി ജനുവരി 27 ആയിപ്പോയി. ബിജു രമേശും, പിസി ജോര്‍ജ്ജും, ബാലകൃഷ്ണപിള്ളയും, മാണിയും ഉമ്മനും ഒക്കെ കൂടി വഴക്കിടുമെന്നും, അതിനെ തുടര്‍ന്ന് ഭ.ജ.പ നാട്ടില്‍ ഹര്‍ത്താല്‍ വിളിക്കും എന്നുമൊക്കെ ഊഹിക്കാന്‍ ഈ ദമ്പതികള്‍ക്ക് സാധിച്ചില്ല. തെറ്റു തന്നെ. ഒരു ദിവസം മാറ്റി സീട്ടാക്കാന്‍ അവര്‍ ശ്രമിക്കാഞ്ഞല്ല. അതിനിനി ഫെബ്രുവരിയിലെ ഒഴിവുള്ളു. തലകറക്കം കൂടി വരുന്നു. എന്ത് ചെയ്യും. ഹര്‍ത്താല്‍ കാരണം വാഹനമൊന്നും വരില്ല.

ഹര്‍ത്താലിനെ അനുകൂലിക്കുന്ന സുഹൃത്തുക്കള്‍ ഒന്ന് ശ്രദ്ധിക്കുക. ഈ പറഞ്ഞ അവസ്ഥ മാണിക്കോ അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്കോ വരില്ല. ഇനി ഹര്‍ത്താലിന്റെ അന്നു തന്നെ സ്കാന്‍ ചെയ്യണമെങ്കിലും അവര്‍ക്കൊരു തടസവും നേരിടില്ല. ലൈറ്റിട്ട കാറില്‍ പോലീസ് അകമ്പടിയോടെ അത് ചെയ്യും. ഹര്‍ത്താലിന്റെ ഈ ദൂഷ്യ ഫലം പാവപ്പെട്ട രാജന്മാര്‍ക്കും ദേവകിമാര്‍ക്കും മാത്രമാണ്.

ഇന്ന് നടന്ന ഹര്‍ത്താലില്‍ ‘say no to harthal' എന്ന പരിപാടിയുടെ ഭാഗമായി ഈ ദമ്പതികളെ ആശുപത്രിയില്‍ എത്തിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇറങ്ങുമ്പോള്‍ തൊഴുത് നിന്ന് ദേവകി ചേച്ചി പൊഴിച്ച ഒരു തുള്ളി കണ്ണീരില്‍ എന്രെ ദിവസം മുഴുവന്‍ ധന്യമായി. അവര്‍ക്ക് ഉപയുക്തമായ എന്രെ ജന്മം തന്നെ സഫലമായതായി എനിക്ക് തോന്നി.

എന്നാല്‍ നിങ്ങളുടെ ഹര്‍ത്താലില്‍ - നിങ്ങളുടെ മാത്രം ഹര്‍ത്താലില്‍ - ആയിരക്കണക്കിന് ദേവകിമാര്‍ക്ക് ഇന്ന് സ്കാനിങ്ങ് നടക്കാതെ പോയിരിക്കും എന്ന് മനസ്സിലാക്കുക. അവര്‍ മാണിക്ക് കോഴ നല്കിയിട്ടില്ല. അവര്‍ മാണിയെ പിന്തുണക്കുന്നില്ല. എന്നിട്ടും അവര്‍ ശിക്ഷിക്കപ്പെട്ടു. അവരോട് നിങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ? അവര്‍ ഈ നാട്ടിലെ പൌരരാകുന്നു എന്ന് അറിയുക.

ഇത്തരവും ഇതിനെക്കാള്‍ രൂക്ഷവുമായ ഉദാഹരണങ്ങള്‍ നിരത്താന്‍ ‘say no to harthal' പ്രവര്‍ത്തകര്‍ക്കാവും. മാണി രാജി വച്ചില്ല. അപ്പോള്‍ എന്താണ് നിങ്ങളുടെ ഹര്‍ത്താലിനാല്‍ ഉണ്ടായ പ്രയോജനം?

ഒരോ ഹര്‍ത്താലിനും ഇതു പോലെ ഒരു സുന്ദരമായ ആവശ്യം ഉണ്ട്. അത് തികച്ചും ന്യായവും ആയിരിക്കും. വിലക്കയറ്റം തടയണം. കൈക്കൂലിക്കാര്‍ രാജി വക്കണം. കൊലപാതക രാഷ്ട്രീയം ഇല്ലാതാകണം. ഇതിലൊന്നും ഒരു തര്‍ക്കവും ഇല്ല. എന്നാല്‍ ഹര്‍ത്താല്‍ എന്ന മാര്‍ഗ്ഗമല്ലാതെ, സാധാരണ ജനങ്ങളെ ഉപദ്രവിക്കാത്ത ഒരു മാര്‍ഗ്ഗം കണ്ടെത്തിക്കൂടെ നമുക്ക്. ഹര്‍ത്താലിനു ജനപിന്തുണ ഇല്ലെന്നും, ഈ കാണുന്നത് ജനങ്ങളുടെ ഭയത്തില്‍ നിന്നുണ്ടാകുന്ന വിജയവുമാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പാണ്. പിന്നെയും നിങ്ങള്‍ ഇത് തുടരുമ്പോള്‍ ജനങ്ങള്‍ക്ക് നിങ്ങളിലുളവാകുന്ന ഭയത്തില്‍ നിങ്ങള്‍ അഭിരമിക്കുന്നു എന്നല്ലേ അര്‍ത്ഥം? തീവ്രവാദികളും നിങ്ങളും തമ്മില്‍ വ്യത്യാസമില്ലാതാകയല്ലേ അപ്പോള്‍ ചെയ്യുന്നത്?

ഇനി ഹര്‍ത്താലിനെ അനുകൂലിക്കാത്തവരോട് ഒരു വാക്ക്. ഹര്‍ത്താല്‍ തെറ്റാണെന്ന് വിശ്വസിക്കയും, എന്നാല്‍ ഹര്‍ത്താലിനു തലേന്ന് ചിക്കന്‍ വാങ്ങി അടുത്ത ദിനം അഘോഷമാക്കി മാറ്റുകയും ചെയ്യുന്ന വിചിത്ര ജീവികള്‍ കേരളത്തില്‍ മാത്രമെ കാണൂ. ഭയമാണ് ജോലിക്ക് പോകാതിരിക്കാനും, വാഹനം ഓടിക്കാതിരിക്കാനും ഒക്കെ നമ്മുടെ ന്യായീകരണം. എന്നാല്‍ ശക്തമായി ഇതിനെതിരെ പ്രതികരിക്കാനും, പ്രവര്‍ത്തിക്കാനും നമ്മള്‍ പരാജയപ്പെടുന്നു. ആവശ്യമുള്ളതിലും എത്ര കുറവായിരുന്നു ഈ പ്രാവശ്യവും say no to harthal പ്രവര്‍ത്തകര്‍. ഈ പ്രവര്‍ത്തനം അറിഞ്ഞാലും വന്ന് സഹകരിക്കാത്തതിന് എന്ത് ന്യായീകരണമാണ് നിങ്ങള്‍ക്കുള്ളത്? ചുംബിച്ചും, ആ‍ലിംഗനം ചെയ്തും, ഒക്കെ പ്രതീകാത്മകമായി പ്രതികരിക്കാന്‍ ആയിരങ്ങള്‍ എത്തുന്ന പ്രബുദ്ധ കേരളം എന്ത് കൊണ്ടാ‍ണ് പ്രായോഗിക പ്രതികരണ പരിപാടികളില്‍ നിന്ന് വിമുഖത കാണിക്കുന്നത്? എന്ത് കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനം നാലു വര്‍ഷം കഴിഞ്ഞിട്ടും കൊച്ചി നഗരത്തിനപ്പുറത്തേക്ക് കാര്യമായി വളരാത്തത്? (തൃശൂരില്‍ ഈ പ്രാവശ്യം നടന്ന സ്തുത്യര്‍ഹ സേവനത്തേ ബഹുമാനത്തോടെ അഭിമാനത്തോടെ സ്മരിക്കുന്നു). നേശേ ബലസ്യേതി ചരേദധര്‍മ്മം... ഞാന്‍ അധര്‍മ്മത്തിനെതിരെ ബലം പ്രയോഗിക്കാന്‍ തയാറാകാത്തത് അധര്‍മം ചെയ്യുന്നതിന് തുല്യമാണെന്ന് വ്യാസന്‍ പറയുന്നു. പരിപാടിയോട് സഹകരിക്കാത്തത് പോകട്ടെ, അതിനിറങ്ങുന്നവര്‍ക്ക് വട്ടാണെന്ന് കളിയാക്കാന്‍ തയാറക്കുന്നവരെ എന്ത് ചെയ്യും. അവരും ഹര്‍ത്താല്‍ ശരിയാണെന്ന് കരുതുന്നില്ല എന്നതാണ് തമാശ.

കേരളത്തിന് കോടികണക്കിന് രൂപയുടെ നഷ്ടമാണ് ഈ ഹര്‍ത്താല്‍ വരുത്തി വച്ചിരിക്കുക. ഇത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനയില്‍ നിന്ന് പിടിച്ചെടുക്കാന്‍ സംവിധാനം ഉണ്ടാകണം. അല്ലാതെ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകും എന്ന് തോന്നുന്നില്ല. അത് വരെ ഹര്‍ത്താലുകള്‍ ആവര്‍ത്തിക്കപ്പെടും. അപ്പോഴെല്ലാം ഇവിടെ ചില സുമനസ്സുകള്‍ രാജന്മാര്‍ക്കും ദേവകിമാര്‍ക്കും വേണ്ടി സസന്തോഷം വളയം പിടിക്കും. ഒക്കുമ്പോഴെല്ലാം അതില്‍ ഞാനും ഉണ്ടാകും. 

Comments

Popular posts from this blog

എതിര് - എം കുഞ്ഞാമൻ

ക്വട്ടേഷന്‍സ്

കവിതാപാരായണം