ചില പിന്തിരിപ്പന്‍ ഹര്‍ത്താല്‍ ചിന്തകള്‍.

അങ്ങിനെ മറ്റൊരു ഹർത്താൽ കൂടി വന്ന് പോകുന്നു.

കേരളീയർ വൈകിയുണർന്ന് - പല്ല് തേക്കാതെ ബെഡ് റ്റീയടിച്ച് - കുളിക്കാതെ ഭക്ഷണം കഴിച്ച് - ഡിറ്റി‌എച്ച് ചാനലിൽ 
ഹർത്താൽ ദിന ബ്ലോക്ക് ബസ്റ്റർ ചലചിത്രം കണ്ട് - മുന്നേകൂട്ടി വാങ്ങി വെച്ച ചിക്കനും ബിവറേജസും കഴിച്ച് - സസന്തോഷം ഹർത്താൽ കൊണ്ടാടി.

ഹർത്താൽ പാപമാണെന്നും, ഹർത്താൽ ആഹ്വാനം നിഷിദ്ധമായ കനിയാണെന്നും മറ്റും പ്രസംഗിച്ച ഹൈക്കോടതി സുപ്രീം കോടതി തുടങ്ങിയ ബൂര്‍ഷ്വാസ്ഥാപനങ്ങളെ തൃണവത്ഗണിച്ച് (ശുംഭവത്ഗണിച്ചെന്നും പറയാം) വിപ്ലവാവേശം മലയാളക്കരയിൽ അലയടിച്ചു.

എന്നാൽ ഈ നല്ല ദിവസത്തിൽ ആനന്ദിക്കാൻ കഴിയാതെ പോയ ചില നിർഭാഗ്യവാന്മാരുണ്ട്. പോലീസ്, സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ, ജഡ്ജിമാർ എന്നിങ്ങനെ 
ഹർത്താൽ ദിനത്തിലും ജോലിക്ക് ഹാജരാകേണ്ടിവന്ന രണ്ടാംതരം പൌരന്മാരിൽ പാവപ്പെട്ട അഭിഭാഷകരും പെടുന്നു. കോടതി കൂടിയതല്ലേ. കച്ചേരിയിൽ പോകാതെ വയ്യല്ലോ... എന്ന് കരുതി ഒരിത്തിരി ഉൾക്കിടിലത്തോടെ തന്നെ ഞങ്ങൾ വാഹനങ്ങൾ നിരത്തിലിറക്കി. ഭരണഘടനാ ദൈവങ്ങൾ കാക്കട്ടെ എന്ന പ്രാർത്ഥനയോടെ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില്ലറ ബന്ദ് പോലെയല്ല. ഇന്ന് വഴിതടയും എന്ന് പത്ര പ്രസ്താവനയുണ്ടായിരുന്നു. പാല്‍, ആംബുലന്‍സ് തുടങ്ങിയ ആവശ്യ സേവനങ്ങളെ ഒഴിവാക്കിയ വിപ്ലവമേലാളന്മാർ അഭിഭാഷക വൃത്തിയെ അതില്‍ പെടുത്തിയിട്ടില്ല. അല്ലെങ്കിലും അതിലും അനാവശ്യമായേതൊരു സേവനമാണീ നാട്ടിലുള്ളത്?

ചില അഭിഭാഷകരെ റോഡിൽ വിപ്ലവക്കാർ തടഞ്ഞ് നിർത്തി സ്റ്റഡിക്ലാസ് നല്‍കി. ചിലരെ ഉന്നം പഠിക്കാന്‍ ഉപയോഗിച്ചു. പണ്ടേ പോലെ ചിട്ടയായതും തുടർച്ചയായതുമായ പരിശീലനം കുട്ടി നേതാക്കന്മാർക്ക് ശിലാ പ്രക്ഷേപണത്തിൽ കിട്ടാത്തതിനാല്‍ ലേണഡ് ഫ്രണ്ട്സിലാര്‍ക്കും പരുക്ക് പറ്റിയില്ല. അതോ പറ്റിയോ.. അറിയില്ല. നാളത്തെ പത്രത്തിൽ നിന്നറിയാം.

എന്തായാലും പത്രങ്ങളും ലോറിപ്പോര്‍ട്ടേഴ്സും ആഘോഷിച്ച ബന്ദ് 
ഹർത്താൽ നിരോധനം ഏട്ടിലെ പുല്ല് പോലും തിന്നില്ല എന്നേതാണ്ടുറപ്പായിരിക്കുന്നു. ആകയാല്‍ അതിനെ പറ്റി ഒരു പുനർചിന്തനം ആവശ്യമാണ്. എന്തെങ്കിലും പേരിൽ ഇത്തരം പ്രതിഷേധങ്ങള്‍ വന്ന് കൊണ്ടിരിക്കും. അതിന്റെ ആഹ്വാനം നിരോധിച്ചിട്ടൊരു കാര്യവുമില്ല എന്നതാണ് സത്യം. കൊലപാതകം പോലും നിരോധിച്ചിട്ടില്ല. ശിക്ഷാർഹമാക്കിയിട്ടേയുള്ളു. പിന്നാണിനി ബന്ദും ഹർത്താലും.

ഈ നിരോധനത്തിനു പകരം കോടതിയും സർക്കാരും ബന്ദും 
ഹർത്താലും ദേശീയോത്സവമായി കണ്ട് അതിനോട് സഹകരിക്കണം എന്നാണെനിക്ക് തോന്നുന്നത്. അവ സാധിക്കുന്നിടത്തോളം തിങ്കൾ വെള്ളി ദിവസങ്ങളിലോ, മറ്റ് ദേശീയ അവധികളോടടുത്തോ വെക്കണം എന്ന് നിയമം വഴി നിഷ്കർഷിക്കണം.

ഇത് നാടിന് നഷ്ടം വരുത്തുന്ന ചിന്തയാണെന്ന് കരുതുക വയ്യ. കാരണം - ഈ സഹകരണം ഇല്ലാത്തതിനാൽ ബന്ദ് ദിവസം കൂടുതൽ പോലീസ് സേനയേയും മറ്റും വിന്യസിക്കാന്‍ സർക്കാർ കൂടുതൽ പണം മുടക്കേണ്ടി വരുന്നു. ഈ ദിവസങ്ങളിൽ നിർബന്ധത്തിനു വഴങ്ങി ജോലിക്ക് ഹാജരാകുന്ന പാവം മനുഷ്യർക്ക് വല്ല ജോലിയും ചെയ്യാൻ സാധിക്കുന്നുണ്ടോ? ഉദാഹരണത്തിന്, 
ഹർത്താൽ ദിവസം കൂടിയ കോടതികളിൽ എന്നും നടക്കുന്നത്ര കേസ് നടക്കുന്നുണ്ടോ. മിക്കവാറും മാറി പോവുകയായിരുന്നു. ഒന്നെങ്കിൽ വാദി വക്കീലില്ല. അല്ലെങ്കിൽ പ്രതി വക്കീലില്ല. ഇവരുണ്ടെങ്കിൽ വക്കീൽ ക്ലാർക്കില്ല. ഹർത്താൽ ദിനത്തിൽ യാത്രയുടെയും മറ്റും ക്ലേശം പരിഗണിച്ച് ബഹു. ജഡ്ജിമാർ കേസുകൾ മാറ്റി നല്‍കയും ചെയ്യുന്നു. മറ്റ് കാര്യാലയങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇങ്ങിനെ പകുതി പണി നടത്താന്‍ അധിക ചെലവ് ചെയ്യേണ്ട എന്ത് കാര്യമാണുള്ളത്? മാത്രമല്ല... അങ്ങിനെ നടക്കുന്ന കോടതിയിലും മറ്റും എത്തിപ്പറ്റാൻ ഉൾഭയത്തോടെ യാത്ര ചെയ്യാൻ പലരും നിർബന്ധിതരാകുന്നു. തന്മൂലമുണ്ടാകുന്ന അധിക രക്ത സമ്മർദവും മറ്റും ഒഴിവാക്കാൻ ബന്ദ്/ഹർത്താൽ ദിനത്തിൽ പൊതു അവധി നല്‍കണം.

ഇത് മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ മറ്റൊരവധി ദിവസം.. യഥാവിധി ശനിയോ ഞായറോ, മറ്റ് അവധിയോ - പ്രവര്‍ത്തിദിവസമായി പരിണമിപ്പിക്കാം. അന്ന് എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്ക വഴി നമ്മുക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കയും ചെയ്യും.

നിരോധനം പലതിനും ഒരുത്തരമല്ലെന്നും, നിയന്ത്രണമാണ് കരണീയമെന്നും, വേശ്യാലയങ്ങള്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിച്ച അര്‍ത്ഥശാസ്ത്രകാരന്‍ നമ്മുക്ക് കാണിച്ച് തരുന്നു. നിരോധിച്ച് ശുംഭന്മാരാകുന്നതിലും നന്ന് നിയന്ത്രിച്ച് ശുഭം വരുത്തുന്നതാണെന്ന് നമ്മള്‍ തിരിച്ചറിയണം.

Comments

  1. There was a ruling saying all damages caused on a harthal day should be compensated by the organising party. We could include these costs as well. But I wonder whether a single paisa was paid by any party as fine/compensation. As long as the state govt decides to do anything, we (people - kazhutha ennum parayum) can't do anything since we are not organised as any party.

    ReplyDelete
  2. Interesting idea. Might work in the case of 'state sponsored' hartals like the last one. Even then, would the central govt. be ready to declare holidays if it is against them? Hmmm.. What might work is to deter people from taking law into their own hands on a hartal day. Invest in a network of cameras, like the big brother network of cameras in London streets? And book cases based on video evidence? Might come in handy otherwise as well.

    ReplyDelete

Post a Comment

Popular posts from this blog

ക്വട്ടേഷന്‍സ്

കവിതാപാരായണം

എതിര് - എം കുഞ്ഞാമൻ