തുറന്ന ഏട്, അതിലെ പശു

ഒടുവില്‍ ഭരണഘടനയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാവലാളായ ബഹു: സുപ്രീം കോടതി ജഡ്ജിമാര്‍ അവരുടെ ധനസ്ഥിതികള്‍ വ്യക്തമാക്കാന്‍ തീരുമാനിച്ചു. സമ്പത്ത് വിവരങ്ങള്‍ രേഖാമൂലം സുപ്രീം കോടതി രജിസ്ട്രാറെ അറിയിക്കുവാന്‍ തീരുമാനമായി. ശല്യക്കാരായ പൊതുജനങ്ങള്‍ക്ക് അതൊക്കെ കാണിച്ച് കൊടുക്കേണ്ട യാതൊരാവശ്യവും ഉള്ളതായി നീതിപീഠത്തിൽ വിരാജിക്കുന്നവര്‍ക്ക് തോന്നിയിട്ടില്ല. നമ്മുടെ ജനാധിപത്യത്തിന്റെ അപചയം പൊതുജനം ശല്യക്കാരനായതു തന്നെ.

സ്വതന്ത്രമായ നീതിനിര്‍വഹണ സംവിധാനം ഏതൊരു ഭരണകൂടത്തിനും ആവശ്യമാണ്. നമ്മുടെ ഭരണഘടന അതുറപ്പ് നല്‍കാന്‍ വളരെയേറെ സംരക്ഷണം നമ്മുടെ ന്യായാധിപന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പോരാത്ത സ്വാതന്ത്ര്യങ്ങള്‍ കാരണവരുടെ ‌‌‌‌സര്‍വ മുക്ത്യാര്‍ കിട്ടിയ അനന്തിരവനെ പോലെ കോടതി “സ്വയം എഴുതി” എടുത്തിട്ടുമുണ്ട്. നിയമനിര്‍മാണസംവിധാനത്തിലെ രാഷ്ട്രീയരാക്ഷസരില്‍ നിന്നും കാര്യനിര്‍വഹണസംവിധാനത്തിലെ ഉദ്യോഗദുഷ്പ്രഭുക്കന്മാരില്‍ നിന്നുമൊക്കെ അങ്ങിനെ നമ്മുടെ കോടതികള്‍ സര്‍വ സ്വതന്ത്രരായി. പോര... ഇനി പൊതുജനം എന്ന ഒരു ഭീഷണികൂടി നില നില്‍ക്കുന്നു കോടതിയുടെ സ്വാതന്ത്ര്യത്തിന്. അവരില്‍ നിന്നുകൂടി രക്ഷിക്കണം കറുത്ത ഗൌണിനെ.


തിരഞ്ഞെടുത്തധികാരത്തില്‍ വരുന്ന രാഷ്ട്രീയക്കാര്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിടണം എന്നത് “ഉന്നതമായ ജനാധിപത്യ മര്യാദയായി” കണ്ട സുപ്രീം കോടതിക്ക് എങ്ങിനെ ജഡ്ജിമാര്‍ക്കാ മര്യാദ വേണ്ട എന്ന് തീരുമാനിക്കാനാവും എന്നത് വിചിത്രമായിരിക്കുന്നു. ഒരിടത്ത് വായിച്ച വിചിത്രന്യായം (അതിനൊരു പഞ്ഞവുമില്ലല്ലോ കോടതികളില്‍) വരവില്‍ കവിഞ്ഞ സ്വത്ത് തടുത്തുകൂട്ടിയ ഒരാളെ വിചാരണ ചെയ്യുന്ന ജഡ്ജിയോട് അയാള്‍ ജഡ്ജിയുടെ സ്വത്തിന്റെ ഉറവിടം അന്വേഷിച്ചാലോ എന്നാണ്. സ്വത്തും അതിന്റെ ഉറവിടവുമൊക്കെ ആദ്യം തന്നെ പരസ്യമാക്കിയാല്‍ പിന്നെ എന്തിനാണ് അയാള്‍ അത് വിചാരണ സമയത്ത് അന്വേഷിക്കുന്നതെന്നും, ഇനി അങ്ങിനെ ചോദിച്ചാല്‍ നെഞ്ച്‌ വിരിച്ച്.. “ന്നാ പിടിച്ചോ” എന്ന വിധം മറുപടി നല്‍കാന്‍ എന്താണ് ജഡ്ജിക്കൊരു ബുദ്ധിമുട്ടെന്നും എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മേല്‍ ചോദ്യത്തെ “എന്നെ കണ്ടാല്‍ കിണ്ണം കട്ടതാന്ന് തോന്നുമോ?” എന്ന് തര്‍ജ്ജമ ചെയ്യുന്ന പൊതുജനം ശല്യക്കാരനല്ല. ബുദ്ധിമാനാണ്.

ഞങ്ങള്‍ക്ക് മറക്കാനൊന്നുമ്മില്ലെന്ന് പറഞ്ഞ് മുന്നില്‍ വന്ന ചില ഹൈക്കോടതി ജഡ്ജിമാര്‍ കാണിച്ച ധൈര്യം കുറച്ച് കാണരുത്. അവര്‍ ചെറിയ ത്യാഗമല്ല ചെയ്തത്. അവരുടെ സ്ഥലം മാറ്റവും പ്രമോഷനും ഒക്കെ തീരുമാനിക്കുന്ന സുപ്രീം കോടതിയുടെ മുതിര്‍ന്ന ജഡ്ജിമാരുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് എടുക്കയാണവര്‍ ചെയ്തത്. ആ സൌകര്യങ്ങളെക്കാള്‍ അവരുടെ സ്വാതന്ത്ര്യത്തെയും, വിശ്വാസതയെയും, പൊതുജനത്തെയും അവര്‍ വില മതിച്ചു. അതിനി “വിലകുറഞ്ഞ പ്രസിദ്ധിക്ക്” വേണ്ടിയാണെങ്കില്‍ പോലും ചരിത്രത്തില്‍ അവര്‍ അവരുടെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

സ്വത്ത് വിവരങ്ങള്‍ ഉയര്‍ന്ന നീതിപീഠത്തിലെ ജഡ്ജിമാര്‍ ഫയലാക്കുന്നുണ്ടോ എന്ന വിവരം നല്‍കണം എന്ന കേന്ദ്രവിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആ വിഷയത്തില്‍ പൊതുവേദിയില്‍ സംസാരിക്കുന്നത് ശരിയോ എന്ന ഒരു സംശയം ആദ്യം മുതല്‍ക്കേ എനിക്കുണ്ട്. ഇതൊരു സാധാരണക്കാരന്‍ ഫയലാക്കിയ ഹര്‍ജിയെങ്കില്‍ അയാളുടെ സമാനമായ പരസ്യ പ്രസ്താവനകള്‍ കോടതിയലക്ഷ്യമാവില്ലേ? അത് കോടതിയുടെ സ്വാതന്ത്ര്യത്തിനൊരു ഭീഷണിയല്ലേ? ഏയ്.. അങ്ങിനെ ഒന്നും ഹൈക്കോടതി ജഡ്ജിമാര്‍ അവരുടെ മുന്നിലെ കേസില്‍ സ്വാധീനിക്കപ്പെടില്ല എന്ന മറുപടി എനിക്ക് കേള്‍ക്കാം. ഇല്ല എന്ന് തന്നെ വിശ്വസിക്കാം. അങ്ങിനെ സ്വാധീനിക്കപ്പെടാത്ത - ഉയര്‍ന്ന സ്വാതന്ത്ര്യബോധമുള്ള - ആ ജഡ്ജിമാര്‍ എന്തിനവരുടെ സ്വത്ത് വിവരത്തെ ഭയക്കണം?

ഇം‌പീച്ച്മെന്റ് പോലെ അസാധ്യമായ പുറത്താക്കലും, സേവന വേതന വ്യവസ്ഥകളുടെ സംരക്ഷണവും, കോടതിയലക്ഷ്യനിയമവും, കൊളീജിയം വഴിയുള്ള നിയമനവും ഒന്നും അല്ല സ്വാതന്ത്ര്യത്തിനുള്ള ഉറപ്പ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി അയാള്‍ തന്നെയാണ്. അയാളുടെ ഉള്ളിലെ (പട്ടിട്ട് മൂടേണ്ടതും അല്ലാത്തതുമായ) വിധേയത്വങ്ങളാണ്. അവയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഭരണഘടനക്കും അയാളെ സഹായിക്കാന്‍ കഴിയില്ല. തന്നില്‍ നിന്ന് തന്നെ സ്വതന്ത്രനായവനു മാത്രമേ, മറ്റുള്ളവരില്‍ നിന്ന് സ്വതന്ത്രനായിരിക്കാനാവൂ. അതുവരെ എത്ര സുതാര്യവും ശക്തവുമായ സംവിധാനവും പ്രയോജനരഹിതവും ശക്തിഹീനവുമായിരിക്കും.

Comments

Popular posts from this blog

ക്വട്ടേഷന്‍സ്

കവിതാപാരായണം

എതിര് - എം കുഞ്ഞാമൻ