Posts

Showing posts from August, 2022

എതിര് - എം കുഞ്ഞാമൻ

Image
  “ഇത് പരാജയപ്പെട്ട ഒരാളുടെ വിചാരങ്ങളാണ്. വ്യവസ്ഥിതിയാൽ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ. അത്തരം വ്യക്തികളുടെ ചിന്തകൾക്കും സാമൂഹജീവിതത്തിലും ചരിത്രത്തിലും ഒരു ഇടം വേണം. അവ രേഖപ്പെടുത്തണം. കാരണം പരാജയങ്ങളാണ് ഈ പ്രപഞ്ചത്തെ സംബന്ധിച്ച യഥാർത്ഥ പാഠങ്ങൾ. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകൾക്കുമായി ഒരോ വ്യക്തിക്കും സമർപ്പിക്കാനുള്ളത് ഇതുപോലെ പരാജയങ്ങളിൽ നിന്ന് രൂപപ്പെട്ട പാഠങ്ങളായിരിക്കണം”.  - എതിര് (എം. കുഞ്ഞാമൻ) ആത്‌മകഥക്കുള്ള 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികളുടെ പട്ടികയിൽ നിന്നാണ് ഞാൻ എതിരിനെ പറ്റി കേൾക്കുന്നത്. “ചൊറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം” എന്ന ഉപശീർഷകവും എന്നെ ആകർഷിച്ചു.  എന്നാൽ, ഇത് സാധാരണ ആത്‌മകഥയല്ല. കഥ വളരെ കുറവും എഴുത്തുകാരന്റെ ആത്‌മം വളരെ കൂടുതലുമുള്ള ഒരു പുസ്തകമാണ്. ജീവിതാനുഭവങ്ങളുടെ കാലാനുസാരിയായ കഥനമല്ല, കഥാപുരുഷന്റെ മനസ്സിനെ ഉലച്ചതും, ഇപ്പൊഴും ഉലയ്ക്കുന്നതുമായ, ചിന്തകളുടെ, ആശയങ്ങളുടെ, ആത്‌മസംവാദങ്ങളുടെ സമ്പാദനമാണ്. അവയാകട്ടെ പലപ്പോഴും കെട്ടുപിണഞ്ഞും, ചിതറിത്തെറിച്ചും കിടക്കുന്നു.  സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, നവോത്ഥാനന്തര കേരളത്തിൽ