പീതപത്രങ്ങൾ
“മരം മുഴുവൻ നിശ്ശബ്ദമായി അറിയാതെ ഒരിലയും പഴുത്ത് വീഴാത്തത് പോലെ നിങ്ങളുടെയെല്ലാം മറഞ്ഞിരിക്കുന്ന ഇച്ഛയില്ലാതെ ഒരു തെറ്റുകാരനും തെറ്റു ചെയ്യാനാവില്ല”. ഖലീൽ ജിബ്രാൻ, ദി പ്രോഫറ്റ് കഴിഞ്ഞ ദിവസം ഫോണിൽ ഒരു ചിത്രം കണ്ടു. ഒരു കുടുംബം. അച്ഛൻ, അമ്മ, മകൻ. ഏതോ ആഘോഷവേളയിൽ എടുത്തതാവണം. മൂവരും ചിരിക്കുന്നു. ചിത്രത്തിന് താഴെയുള്ള വാചകങ്ങൾ ചിരിക്കുന്നില്ല. അവ ആക്രോശിക്കുകയാണ്. ശപിക്കുകയാണ്. അച്ഛൻ ഒരു ജില്ലാ ജഡ്ജിയാണ്. മകന് പതിനേഴ് വയസ്സ്. ചേരാനല്ലൂരിൽ ഒരാളുടെ ജീവനെടുത്ത കാർ ഓടിച്ചിരുന്നത് ആ കുട്ടിയാണത്രേ. ചിത്രം ഞാൻ കുറെ നേരം നോക്കിയിരുന്നു. എന്തോ ഒരു അസ്വസ്ഥത. മരണം വേദനാജനകമാണ്. ശ്രീ. ജയബാലകൃഷ്ണൻ. അമ്പത്തഞ്ച് വയസ്സ്. തന്റെ തട്ടുകട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലേക്കുള്ള അരിയും സാധനങ്ങളും അദ്ദേഹം വാങ്ങിയിരുന്നു. പിന്നിൽ നിന്ന് വന്ന ഒരു മെഴ്സിഡസ് ബെൻസ് ആ നിർഭാഗ്യവാനെ ഇടിച്ചു. ആ ജീവൻ അവിടെ തന്നെ പൊലിഞ്ഞു. വീട്ടിലേക്ക് വാങ്ങിയ പലചരക്ക് സാധനങ്ങൾ നിരത്തിൽ ചിതറി. ഭാര്യയും മക്കളുമുണ്ട്. അന്നന്നത്തെ അന്നം അന്നന്ന് ഉണ്ടാക്കിയിരുന്ന ഒരാളായിരുന്നിരിക്കണം. ആ വീട്ടിൽ ഇനി ആര് കട തുറക്കും? ര...